India News

പൊതുജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെ തകർക്കാൻ കഴിയില്ല: രേഖ ​ഗുപ്ത 

ന്യൂഡൽഹി: പൊതുജന സമ്പർക്ക പരിപാടിക്കിടെ യുവാവിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്കെതിരെ മാത്രമല്ല, ഡൽഹിയെയും പൊതുജന നന്മയെയും സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനെതിരെയുള്ള ഒരു ഭീരുത്വ ശ്രമമാണ് നടന്നതെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണെന്നും സുഖം പ്രാപിച്ച് വരുന്നതായും രേഖ ​ഗുപ്ത കൂട്ടിച്ചേർത്തു. 

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാൾ പരാതിക്കാരന്റെ  വേഷത്തിൽ എത്തിയാണ് മുഖ്യമന്ത്രിയെ അക്രമിച്ചത്. രേഖാ ​ഗുപ്തയെ അടിക്കുകയും ഭാരമേറിയ വസ്തു മുഖ്യമന്ത്രിക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇടപെടുകയും അക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ  കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൈകളിലും തലയിലും പരിക്കേറ്റ മുഖ്യമന്ത്രി വൈകുന്നേരമാണ് എക്സിലൂടെ പ്രതികരിച്ചത്.

“സ്വാഭാവികമായും, ആക്രമണത്തിനുശേഷം ഞാൻ ഞെട്ടിപ്പോയി, പക്ഷേ ഇപ്പോൾ എനിക്ക് സുഖം തോന്നുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികളും എന്നെ കാണാൻ ഈ അവസരത്തിൽ മെനക്കെടരുതെന്നും  ഞാൻ അഭ്യർത്ഥിക്കുന്നു.  ഇത്തരം ആക്രമണങ്ങൾക്ക് ഒരിക്കലും എന്റെ മനസ്സിനെയും പൊതുജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തെയും തകർക്കാൻ കഴിയില്ല. ഞാൻ മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജസ്വലതയോടും സമർപ്പണത്തോടും കൂടി നിങ്ങൾക്കൊപ്പം ഉണ്ടാകും,” രേഖ ​ഗുപ്ത ട്വീറ്റ് ചെയ്തു.

Related Posts