ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമില്‍ ഉള്ളത് സഞ്ജുവിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചിട്ടുള്ള ജിതേഷ് ശര്‍മ ഫിനിഷര്‍ റോളില്‍ മികവ് തെളിയിച്ച താരമായതിനാല്‍ അവിടെയും സഞ്ജുവിനു കാര്യങ്ങള്‍ പന്തിയല്ല !
ഗില്‍ ഉറപ്പിച്ചു, സഞ്ജുവോ അഭിഷേകോ?
ഉപനായകനായതിനാല്‍ ശുഭ്മാന്‍ ഗില്ലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തില്ല. ഗില്‍ ഓപ്പണറാകുമ്പോള്‍ ഒപ്പം സഞ്ജുവോ അഭിഷേക് ശര്‍മയോ ഇറങ്ങും. അതില്‍ അഭിഷേകിനാണ് കൂടുതല്‍ സാധ്യത. അതേസമയം അഭിഷേക് ശര്‍മയാണ് ഒന്നാം ഓപ്പണറെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന അഭിഷേകിന്റെ ശൈലിക്കായിരിക്കും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പ്രാധാന്യം നല്‍കുക. അങ്ങനെ വന്നാല്‍ സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം കിട്ടില്ല. ഗില്ലിന്റെയും ജയ്സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജു ഇന്ത്യക്കായി ഓപ്പണറായി കളിച്ചതെന്നും അഗാര്‍ക്കര്‍ പറയുന്നു. അതായത് ഗില്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായി സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന പരോക്ഷ സൂചനയാണ് ഈ വാക്കുകളില്‍.
അഭിഷേകും സഞ്ജുവും ഓപ്പണര്‍മാരായാല്‍ സഞ്ജുവിനു വണ്‍ഡൗണ്‍ എങ്കിലും ലഭിക്കുമല്ലോ എന്ന് ആശ്വസിക്കാനും കഴിയില്ല. കാരണം ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയാണ് വണ്‍ഡൗണ്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം. റണ്‍സ് കണക്കുകളിലും തിലകിനു സഞ്ജുവിനുമേല്‍ ആധിപത്യം ഉണ്ട്. മൂന്നാം നമ്പറില്‍ ഇന്ത്യക്കായി 13 കളികളില്‍ നിന്ന് 169.73 സ്ട്രൈക് റേറ്റില്‍ 443 റണ്‍സാണ് തിലക് നേടിയിരിക്കുന്നത്. മറുവശത്ത് സഞ്ജു മൂന്നാം നമ്പറില്‍ മൂന്ന് കളികളില്‍ നിന്ന് 126.92 സ്ട്രൈക് റേറ്റില്‍ നേടിയിരിക്കുന്നത് വെറും 33 റണ്‍സ് മാത്രം !
ഗില്ലിനേക്കാള്‍ കേമന്‍, എന്നിട്ടും !
ട്വന്റി 20 യില്‍ ശുഭ്മാന്‍ ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജു സാംസണ്‍. ഓപ്പണര്‍ റോളില്‍ ഇരുവരുടെയും പ്രകടനം വിലയിരുത്തിയാല്‍ അത് വ്യക്തമാകും. ഇന്ത്യക്കായി ടി20 യില്‍ ഓപ്പണറായി 21 കളികളില്‍ നിന്ന് 30.42 ശരാശരിയില്‍ 578 റണ്‍സാണ് ഗില്‍ നേടിയിരിക്കുന്നത്. സ്‌ട്രൈക് റേറ്റ് 139.27 മാത്രമാണ്. മറുവശത്ത് സഞ്ജുവാകട്ടെ 17 കളിയില്‍ ഓപ്പണറായി ഇറങ്ങി 39.38 ശരാശരിയില്‍ 522 റണ്‍സ് നേടിയിട്ടുണ്ട്. സ്‌ട്രൈക് റേറ്റ് 178.76 ആണ്. കണക്കുകളില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് വരുമ്പോള്‍ ഗില്ലിനു പുറകില്‍ നിര്‍ത്തുമോ ഇന്ത്യ എന്നാണ് കണ്ടറിയേണ്ടത് !
ജിതേഷും ‘തലവേദന’
സഞ്ജു പണ്ട് കളിച്ചിരുന്നതുപോലെ അഞ്ചാമത് ഇറക്കാമെന്ന് കരുതിയാല്‍ അവിടെയും തലവേദനയുണ്ട്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. അഞ്ച്, ആറ് പൊസിഷനുകള്‍ ഫിനിഷര്‍ റോള്‍ വഹിക്കുന്ന ബാറ്റര്‍മാര്‍ക്കുള്ളതാണ്. അങ്ങനെ നോക്കിയാല്‍ ജിതേഷ് ശര്‍മ സഞ്ജുവിനേക്കാള്‍ മുന്നിലാണ്. ഫിനിഷര്‍ റോളില്‍ 11 കളികളില്‍ നിന്ന് 176.35 സ്ട്രൈക് റേറ്റില്‍ 261 റണ്‍സ് നേടിയ ജിതേഷ് നില്‍ക്കുമ്പോള്‍ ഒന്‍പത് കളികളില്‍ നിന്ന് 140.69 സ്ട്രൈക് റേറ്റുള്ള സഞ്ജുവിനെ ഫിനിഷറാക്കാന്‍ ഇന്ത്യ തയ്യാറാകുമോ?