India News

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ല്: വോട്ട് ക്രമക്കേട് പോലെ മറ്റൊരു അട്ടിമറിയെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അറസ്റ്റിലാവുകയും അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ 30 ദിവസം കസ്റ്റഡിയിൽ എടുക്കുകയുമാണെങ്കിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഈ ബിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ബാധകമായിരിക്കും.

30 ദിവസം തുടർച്ചയായി ഒരു മന്ത്രി പൊലീസ് അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യണം എന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലാകുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും.

പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ സ്ഥാനം നഷ്ടമാകുന്ന സാഹചര്യത്തിൽ മന്ത്രിസഭ തന്നെ താഴെ വീഴും. എന്നാൽ ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരാൻ തടസമില്ലെന്നും ബില്ലിൽ പറയുന്നു. നിലവിൽ ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവരെ അയോഗ്യരാക്കും എന്നതാണ് നിയമം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ സർക്കാരിന്റെ ഈ നീക്കം.

അതേസമയം, വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതെന്നും വോട്ട് ക്രമക്കേട് പോലെ മറ്റൊരു അട്ടിമറിയാണെന്നും പ്രതികരിച്ച് പ്രതിപക്ഷം. ബില്ല് കൊണ്ട് വരുന്നത് ദുരുദ്ദേശത്തോടെയാണെന്നും കാടത്ത നിയമമാണെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരും.

പണം അധിഷ്ഠിതമായ ഓൺലൈൻ ഗെയിമിംഗ് നിരോധിക്കാനുള്ള ബില്ലും ലോക്സഭയിൽ അവതരിപ്പിച്ചേക്കും. ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്തിസഭ അം​ഗീകാരം നൽകിയിരുന്നു. ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും നിരോധിക്കാനുമുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്ന രീതിയലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ഗെയിമുകളിലൂടെ ആളുകൾക്ക് സാമ്പത്തിക നഷ്ടവും മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ പുതിയ നീക്കം.

Related Posts