Homepage Featured India News

ഓൺലൈൻ ഗെയിമിംഗ് ബിൽ: പണം അധിഷ്ഠിത ഇടപാടുകൾക്ക് നിരോധനം

ന്യൂഡൽഹി: രാജ്യത്ത് പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് നിരോധനം വരുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ഓൺലൈൻ ഗെയിമിംഗ് ബില്ല്, 2025 നിലവിൽ വരുന്നതോടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്ക് പൂട്ടു വീഴുമെന്നാണ് റിപ്പോർട്ട്. ബില്ലിന് ഇതിനോടകം തന്നെ മന്ത്രിസഭ അംഗീകാരം സഭിച്ചു കഴിഞ്ഞു. ഇത് ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. 

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തുന്ന രീതിയലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം ഗെയിമുകളിലൂടെ ആളുകൾക്ക് സാമ്പത്തിക നഷ്ടവും മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ പുതിയ നീക്കം. സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനും ആളുകൾക്ക് സംരക്ഷണം ഉറപ്പു നൽകുന്നതിനുമാണ് ഓൺലൈൻ ഗെയിമിംഗ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. 

ബിൽ നിയമമാകുന്നതോടെ റിയൽ മണി ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രൊമോഷനുകളുമടക്കം കുറ്റകരമാകും. അതേസമയം വ്യവസായ സംഘടനകൾ സർക്കാരിന്റെ തീരുമാനം വലിയ ആശങ്കയോടെ ആണ് നോക്കികാണുന്നത്. രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ ഏകദേശം രണ്ട് ലക്ഷം തൊഴിലവസരങ്ങൾ നിലനിൽക്കുന്നുവെന്നും വർഷം തോറും 20,000 കോടി രൂപ ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വരുമാനവും തൊഴിലവസരങ്ങളും നഷ്ടപ്പെടുകയാണെങ്കിൽ ഈ രംഗത്ത് അത് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. 

ബിൽ നിലവിൽ വന്നാൽ ഇന്ത്യൻ കമ്പനികൾ അടച്ചു പൂട്ടേണ്ട അവസ്ഥ വരികയും ആളുകൾ നിയന്ത്രണം ഇല്ലാത്ത വിദേശ പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയും ചെയ്യും. ഇതോടെ സർക്കാർ ലക്ഷ്യമിടുന്ന സാമൂഹിക നിയന്ത്രണം തന്നെ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. എന്നാൽ സർക്കാർ ഇ-സ്പോർട്സ്, കഴിവ് അടിസ്ഥാനമാക്കിയ പണം നൽകേണ്ടാത്ത ഗെയിമുകൾ  തുടങ്ങിയ മേഖലകൾക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ് ആന്റ് കോമിക്സ് (എവിജിസി) രം​ഗങ്ങളിൽ ആഗോള ഹബ്ബായി വളർത്താനുള്ള പദ്ധതികളോടൊപ്പമാണ് ഈ നിയമനിർമാണം മുന്നോട്ടുവരുന്നത്. പൂർണ്ണമായ ഒഴിവാക്കൽ മാറ്റി നിർത്തി പകരം നിയന്ത്രണാധിഷ്ഠിതമായ നിയമ സംവിധാനം കൊണ്ടുവരണമെന്ന് വ്യവസായ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങളും നികുതി വരുമാനവും സംരക്ഷിക്കാനും സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും യുക്തിസഹമായ നിയന്ത്രണത്തിലൂടെ മാത്രമേ സാധിക്കുവെന്ന നിലപാടിലാണ് വ്യവസായികൾ.

Related Posts