തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം., കേരള തീരത്ത് ഇന്നും കർണാടക തീരത്ത് ഇന്നും ബുധനാഴ്ചയും, ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും വ്യാഴം, വെള്ളി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി ഒഡീഷ തീരത്ത് രാവിലെയോടെ കരയിൽ പ്രവേശിച്ചു. വരുന്ന 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തികൂടിയ ന്യൂനമർദമായി മാറും. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
















