India News

വീണ്ടും നുണ പ്രചാരണവുമായി പാക് സൈനിക മേധാവി; ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപ് ഇടപെട്ടുവെന്നും അസിം മുനീർ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണപ്രചാരണവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ അപേക്ഷിച്ചുവെന്നും ഇടപെടാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അസിം മുനീറിന്റെ വീരവാദം.

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് പാകിസ്താൻ നൽകിയെന്നും വിമാനങ്ങൾ വീഴ്ത്തിയെന്നും അവകാശപ്പെട്ട സൈനിക മേധാവി, പാക്കിസ്ഥാൻ ലോകരാഷ്ട്രങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയെന്നും അവകാശവാദമുന്നയിച്ചു. ബ്രസ്സൽസിൽ പാക്ക് വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീർ നുണകൾ ആവർത്തിച്ചത്. ഓഗസ്റ്റ് 11ന് നടത്തിയ പരിപാടി റെക്കോഡ് ചെയ്യരുതെന്നും പങ്കെടുക്കാനെത്തുന്നവർ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും കർശന നിർദേശമുണ്ടായിരുന്നു.

ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യം ഉന്നയിച്ചതെന്ന യാഥാർഥ്യം നിലനിൽക്കെയാണ് സൈനിക മേധാവി പച്ചക്കള്ളം പറഞ്ഞത്. മേയ് 10ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ വിളിച്ചാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിക്കുന്ന കാര്യം അറിയിച്ചത്. റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളം ഇന്ത്യൻ സൈന്യം ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇത്. വെടിനിർത്തൽ ആവശ്യം പാക്ക് സൈനിക ഡയറക്ടർ ജനറൽ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാട്. തുടർന്ന് നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെയും നിരവധി വ്യാജ അവകാശവാദങ്ങളും ഇന്ത്യക്ക് നേരെ പ്രകോപനങ്ങളും അസിം മുനീർ ഉയർത്തിയിരുന്നു. ഭാവിയിൽ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ആക്രമിക്കുമെന്നായിരുന്നു ഒരു ഭീഷണി. യുഎസിലെ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നും അദ്ദേഹം വീരവാദം മുഴക്കിയിരുന്നു.

അസിം മുനീർ അമേരിക്കൻ മണ്ണിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ചതിന് വലിയ വിമർശനങ്ങൾ അമേരിക്കയിൽ നിന്ന് തന്നെ ഉയർന്നിരുന്നു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് തന്റെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യാ പാക് സംഘർഷം അയഞ്ഞതെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇത് ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഗുരുതര ആരോപണം പാകിസ്താൻ തുടർച്ചയായി അരോപിക്കുന്നത്. സംഘർഷത്തിൽ ഇന്ത്യയ്ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് പലതവണ പാകിസ്താൻ ആവർത്തിച്ചതിൽ വിദേശകാര്യമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും കടുത്ത അതൃപ്തി ഉന്നയിച്ചിട്ടുണ്ട്.

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതിന് ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം നൽകിയത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് പിന്തുണ തേടി എം പി മാരുൾപ്പെടുന്ന വിദഗ്ധ സംഘം വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

Related Posts