കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി.ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായതിനെ തുടർന്ന് സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയിൽ ചാടിയത്. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടിച്ചത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു. കൊട്ടാരക്കര സ്പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനെയാണ് സംഭവത്തെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്. അബ്ദുള്‍ സത്താറിന്റെ പരാമര്‍ശം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനും വഴിയൊരുക്കിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി തന്നോട് പലതവണ ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു. ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്ന് പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് എടുത്തത്. ജയില്‍ ചാടി വന്നാല്‍ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ സത്താര്‍ പറഞ്ഞിരുന്നു.