ഇന്ത്യ മുന്നണി ഉയര്‍ത്തിയ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കൃത്യമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റേത്. രാഹുല്‍ ഗാന്ധിക്കുള്ള മറുപടി എന്ന നിലയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ക്കു മറുപടി നല്കുന്നതില് ഗ്യാനേഷ് കുമാര്‍ പരാജയപ്പെട്ടു.
അന്വേഷണം
‘വോട്ട് കൊള്ള’യില്‍ അന്വേഷണം വേണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്. എന്നാല്‍ ആരോപണങ്ങളില്‍ ഒരന്വേഷണത്തിനും തയ്യാറല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അസന്നിഗ്ധമായി നിലപാടെടുത്തു. ആരോപണം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിന്റെ ആവശ്യമില്ല. കമ്മീഷനു എതിരായ ആരോപണം ഭരണഘടനയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പരാതികളുള്ളവര്‍ക്ക് 45 ദിവസത്തിനകം നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ കാലാവധി കഴിഞ്ഞാണ് ഇപ്പോള്‍ പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ വോട്ട് കൊള്ള ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
വീട്ടുനമ്പര്‍ ‘പൂജ്യം’, ന്യായീകരിച്ച് കമ്മീഷന്
വോട്ടര്‍മാരുടെ വിലാസത്തില്‍ വീട്ടുനമ്പര്‍ ‘പൂജ്യം’ എന്ന് കൊടുത്തിട്ടുള്ളതിനെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരുന്നു. ഈ ആരോപണത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ മറുപടി വീട്ടുനമ്പര്‍ ഇല്ലാത്തവര്‍ക്ക് ‘പൂജ്യം’ എന്ന നമ്പര്‍ നല്‍കിയതാണെന്നാണ്. വിവിധ പഞ്ചായത്തുകളില്‍ വീട്ടുനമ്പര്‍ ഇല്ലാത്ത ലക്ഷകണക്കിനു വീടുകള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് ‘നാഷണല്‍ നമ്പര്‍’ എന്ന നിലയില്‍ ‘പൂജ്യം’ നല്‍കിയത്. വീടില്ലാതെ തെരുവില്‍ കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് വീട്ടുമ്പര് ‘പൂജ്യം’ നല്‍കിയിരിക്കുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ന്യായീകരിച്ചു.
ഇരട്ട വോട്ട്
ഇന്ത്യ മുന്നണിയുടെ ഇരട്ട വോട്ട് ആരോപണത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. ‘ ഒരാളുടെ പേര് തന്നെ ഒന്നിലേറെ ബൂത്തുകളില്‍ വോട്ട് ഉള്ളതായി കാണപ്പെട്ടേക്കാം. അപ്പോഴും ഒരു സ്ഥലത്ത് മാത്രമേ അയാള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കൂ. രണ്ട് സ്ഥലത്ത് വോട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്,’ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ തരില്ല !
വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറിനു പരിശോധിക്കാവുന്ന വോട്ടര്‍ പട്ടികയും പുറത്തുവിടാന്‍ സാധിക്കില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ‘ അമ്മമാരും പെങ്ങന്മാരും വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കൈമാറണമെന്നാണോ നിങ്ങള്‍ പറയുന്നത്?’ എന്ന മറുചോദ്യം കൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഈ ആവശ്യത്തെ നേരിട്ടത്.
വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന
ബിഹാര്‍ വോട്ടര്‍പ്പട്ടികയിലെ തീവ്ര പുനഃപരിശോധനയെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ന്യായീകരിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കും വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. പുറത്താക്കപ്പെട്ടവര്‍ക്ക് രേഖാമൂലം ദേശീയത തെളിയിക്കാന്‍ അവസരമുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുന്‍പ് വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കണമെന്ന് നിയമമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ ഉത്തരവാദിത്തമാണ് ചെയ്യുന്നതെന്നും അദ്ദേഹം മറുപടി നല്കി.
സത്യവാങ്മൂലം അല്ലെങ്കില്‍ മാപ്പ്
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടു. ആരോപണങ്ങളെ കുറിച്ചും തെളിവുകളും ചേര്‍ത്ത് വിശദമായ സത്യവാങ്മൂലം ഏഴ് ദിവസത്തിനകം നല്‍കണമെന്നാണ് ഗ്യാനേഷ് കുമാര്‍ വെല്ലുവിളിച്ചത്. അല്ലാത്തപക്ഷം രാഹുല്‍ ഗാന്ധി രാജ്യത്തോടു മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















