Features News

വോട്ടർ പട്ടിക ക്രമക്കേട്: കമ്മീഷന്റെ ഇരട്ടത്താപ്പും രാഹുലിന്റെ മാപ്പും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം.

രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന് ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ മാപ്പ് പറയുകയോ ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറാണ് വാർത്താ സമ്മേളനത്തിനിടെ കേട്ടാൽ കൊച്ചു കുട്ടികൾ വരെ തലതല്ലി ചിരിക്കുന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മൂന്നാമതൊരു വഴിയില്ലെന്നും ഏഴുദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കാക്കപ്പെടുമെന്നുമാണ് കമ്മീഷന്റെ വാദം.

ഇക്കഴിഞ്ഞ കാലമത്രയും പപ്പുവെന്ന പേരിൽ ആക്ഷേപങ്ങൾ നേരിടുന്ന, അപ്രസക്തനായ ഒരാൾ എന്ന പ്രതീതിയുടെ ഇരയായിരുന്നു രാഹുൽ ഗാന്ധി എന്ന മനുഷ്യൻ. എന്നാൽ ഏറെ ഗവേഷണം നടത്തി തേച്ചുമിനുക്കി, ചെത്തിക്കൂർപ്പിച്ച ഒരു വാർത്താ സമ്മേളനത്തിലൂടെ ആഞ്ഞടിച്ച് പെരുംനുണകൾ കൊണ്ട് എൻഡിഎ പടുത്തുയർത്തിയ കോട്ടയുടെ ആണിക്കല്ല് ഇളക്കി. ഇന്ത്യൻ ജനാധിപത്യത്തിന് കൃത്യമായ മറുപടി നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും കോമാളി കളിച്ച് നടക്കുന്നു.

ഒന്നുകിൽ സത്യവാങ്മൂലം നൽകുക അല്ലെങ്കിൽ മാപ്പ് പറയുക എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭീഷണി തള്ളിക്കളഞ്ഞ രാഹുൽഗാന്ധി അദ്ദേഹത്തിനും കമ്മീഷനും എതിരെ ആഞ്ഞടിച്ചു. താൻ ഉന്നയിച്ച ഒരു കാര്യത്തിനും വാർത്താസമ്മേളനത്തിൽ മറുപടി പറയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടി മാറ്റിയതെന്ന് രാഹുൽ തുറന്നടിച്ചു. കമ്മീഷൻ കുറ്റകൃത്യം ചെയ്താൽ ഒരു കോടതിക്കും പിടികൂടാൻ ആകാത്ത തരത്തിൽ രാജ്യത്തെ നിയമം ബിജെപി മാറ്റിയെന്നും രാഹുൽ കൂട്ടിച്ചേർത്തു. കേരള കേഡറിലെ ഐഎഎസ്കാരനാണ് ഗ്യാനേഷ് കുമാർ. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, എൻഡിഎയുടെ വിശ്വസ്തനാവുമ്പോൾ
മറിച്ചെന്ത് ചെയ്യാൻ.

കമ്മീഷന്റെ ഇരട്ടത്താപ്പ്

രാഹുൽ ഉന്നയിച്ച അതെ കാര്യങ്ങൾ ആണ് ബി ജെ പി നേതാവ് അനുരാഗ് താക്കൂർ ആരോപിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുരാഗിനോട് അഫിഡവിറ്റ് നൽകാൻ ആവശ്യപ്പെട്ടിട്ടില്ല. അമേഠി, റായ്ബറേലി, വയനാട്, ഡയമണ്ട് ഹാർബർ എന്നിവയുൾപ്പെടെ ആറ് മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരമാണ് അനുരാഗ് പുറത്തുവിട്ടത്. ഇതിൽ നിന്നും കമ്മീഷന്റെ ഇരട്ടത്താപ്പ് നയം വ്യക്തമാണ്. വ്യാജ വോട്ടുകൾ പഠിക്കാനും തിരിച്ചറിയാനും കോൺഗ്രസ് ആറ് മാസമെടുത്തപ്പോൾ, ആറ് മണ്ഡലങ്ങളിലെ മുഴുവൻ ഇലക്ട്രോണിക് വോട്ടർ പട്ടിക വിവരങ്ങളും ആറ് ദിവസത്തിനുള്ളിൽ അനുരാഗ് താക്കൂറിന് ലഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും ബി ജെ പിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണിത്.

രാഹുലിന്റെ ചോദ്യങ്ങൾ

പഴുതുകളടച്ചുള്ള ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി കമ്മീഷനോട് ചോദിച്ചത്. ബെംഗളുരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ഇടുങ്ങിയ വീട്ടിൽ നൂറോളം വോട്ടുകൾ എങ്ങനെ വന്നു? ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി കാണിച്ച് എന്തിന് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി? സിസിടിവി ദൃശ്യങ്ങൾ അടക്കമുളള തെളിവുകൾ നശിപ്പിച്ചതെന്തിന്? ഡിജിറ്റൽ വോട്ടേഴ്സ് ലിസ്റ്റ് എന്തുകൊണ്ട് പ്രതിപക്ഷത്തിന് ലഭിക്കുന്നില്ല? പ്രതിപക്ഷനേതാക്കളെ എന്തിന് നിരന്തരം ഭീഷണിപ്പെടുത്തുന്നു? ചാട്ടുളിപോലുള്ള ചോദ്യങ്ങൾക്കു കമ്മീഷന്റെ കൈയ്യിൽ വ്യക്തമായ ഉത്തരങ്ങളില്ലായിരുന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്കു അതേ നാണയത്തിൽ മറുപടി നൽകാനാണ് വാർത്താ സമ്മേളനത്തിലുടനീളം കമ്മീഷൻ ശ്രമിച്ചതെങ്കിലും അതൊരു നനഞ്ഞ പടക്കമായിരുന്നു.

കമ്മീഷനും മറുപടികളും

കമ്മീഷന്റെ മറുപടികളിലൂടെ കണ്ണോടിച്ചാൽ എൻഡിഎ വിധേയത്വത്തിന്റെ സ്വരം മുഴങ്ങിക്കേൾക്കാം. സ്വന്തമായി വീടില്ലാത്തവരുടെ വീട്ടുനമ്പറാണത്രേ പൂജ്യം. എത്ര മനോഹരമായ മറുപടി. സത്യത്തിൽ പ്രധാനമന്ത്രിയുടെ പോസ്റ്റിലേക്ക് ഒരു സെൽഫ് ഗോൾ അടിച്ചപോലെയായി പോയി ആ മറുപടി. അധികാരത്തിലേറി 11 വര്ഷത്തിലേറെയായിട്ടും കോടിക്കണക്കിനു ആളുകൾക്ക് ഇപ്പോഴും താമസിക്കാൻ വാടക വീടുപോലും ഇല്ലാതെ തെരുവിലാണോ ഇവരൊക്കെ കിടക്കുന്നത്. എങ്കിൽ ഇവർക്ക് വീട് ഉണ്ടാക്കികൊടുത്തിട്ടു പോരെ വികസന വാചകമടികൾ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതിമകളും, ക്ഷേത്രങ്ങളും പണിയുന്നതിന് മുൻപ് ഇതൊക്കെയല്ലേ കേന്ദ്രം ചയ്തു തീർക്കേണ്ടത്.

അടുത്ത മറുപടി കമ്മീഷന് ഒരു പക്ഷവുമില്ല എന്നാണ്. അത് വളരെ ശരിയാണ്. കമീഷൻ നിഷ്പക്ഷമായി ഒരൊറ്റ പാർട്ടിക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് ഇന്ത്യൻ ജനതയ്ക്ക് ഇക്കഴിഞ്ഞ ആഴ്ചകളിൽ മനസിലായിക്കഴിഞ്ഞു.

കമ്മീഷന് ആരെയും ഭയമില്ല. വളരെ നല്ല കാര്യമാണത്. വെടിയുണ്ട പാഞ്ഞു വന്നാലും പതറില്ല എന്ന് ശരിക്കും മനസിലായിട്ടുണ്ട്. അതല്ല പതറണ്ട ആവശ്യമില്ല എന്നും മനസിലായിക്കഴിഞ്ഞു. വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം എന്നാണ് മറ്റൊരു മറുപടി. കേട്ടാൽ ഏതൊരാൾക്കും രോമാഞ്ചം തോന്നുന്ന വർത്തമാനം. ഭരണഘടനയുടെ കടയ്ക്കൽ കോടാലി കൊണ്ടു വെച്ചിട്ടാണ് പുതിയ ന്യായീകരണവുമായി കമ്മീഷൻ എത്തിയിരിക്കുന്നത്.

വോട്ടർമാരുടെ സ്വകാര്യതയെ ലംഘിച്ചു എന്നാണ് കമ്മീഷന്റെ അടുത്ത ആരോപണം. പട്ടിക പുറത്തു വന്നതുകൊണ്ടാണ് കമ്മീഷൻ രഹസ്യമായി കൊണ്ടുനടന്ന വോട്ടർമാരുടെ പിതാവിന്റെ പേര് അക്ഷരമാലയിലെ അക്ഷരങ്ങൾ അടുക്കി വെച്ചതാണെന്നു വെളിപ്പെട്ടത്.

അവസാനിക്കാത്ത ചോദ്യങ്ങൾ

ഇനി ഒരു സാധാരന പൗരന്റെ സംശയങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. ഇലക്ഷന് കമ്മീഷനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ബി ജെ പി നേതാക്കളും അനുഭാവികളും ആണല്ലോ മറുപടി ആയി വരുന്നത്, അതെന്തുകൊണ്ട്? തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടന സ്ഥാപനം അല്ലെ? അല്ലാതെ എൻഡിഎ ഘടക കക്ഷി വല്ലതും ആണോ? ഡിജിറ്റൽ ഇന്ത്യയിൽ ഡിജിറ്റൽ ഡാറ്റാ രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ ഡിജിറ്റൽ ഇന്ത്യ എന്ന ആശയം മുന്നോട്ട് വെച്ച ബിജെപി, രാഹുലിൻ്റെ ആവശ്യത്തെ പിന്തുണയ്ക്കുക അല്ലെ വേണ്ടത് ?

വോട്ട് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് അറിയാൻ ബിജെപിക്കും താൽപര്യം ഉണ്ടാകേണ്ടത് അല്ലെ? അടി കിട്ടുന്നത് തെരെഞ്ഞെടുപ്പ് കമ്മിഷനാണെങ്കിലും കരയുന്നത് ബിജെപിയാണല്ലോ എന്നത് സ്വാഭാവികമായ മറ്റൊരു സംശയം.

വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ രാഹുലിന്റെ ആരോപണത്തിന് മറുപടിയായി പുതിയ എന്തൊക്കെ കോമാളിക്കഥകളുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തുന്നതെന്ന് കാത്തിരുന്ന് കാണാം.

Related Posts