കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളെ മലയാളികള്‍ അല്‍പ്പമെങ്കിലും ഗൗരവത്തില്‍ കണ്ടുതുടങ്ങിയത് 2018 ലെ പ്രളയത്തിനു ശേഷമാണ്. അതുവരെ റെഡ്, ഓറഞ്ച് അലര്‍ട്ടുകളൊക്കെ ‘ട്രോള്‍’ മെറ്റീരിയലുകള്‍ ആയിരുന്നു. കാലാവസ്ഥ വകുപ്പ് മഴ പെയ്യുമെന്ന് പറഞ്ഞാല്‍ ആ ദിവസം നല്ല വെയില്‍ ആകുമെന്നാണ് പൊതുവെ സമൂഹം പരിഹസിക്കാറുള്ളത്. എന്നാല്‍ കാലാവസ്ഥ പ്രവചനങ്ങളും മുന്നറിയിപ്പുകളും അങ്ങനെ തള്ളിക്കളയേണ്ടവയാണോ?
നൂറ് ശതമാനം കൃത്യത പുലര്‍ത്താന്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ക്ക് സാധിക്കില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ അവ വളരെ പ്രധാനപ്പെട്ടതാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. കടലിലെ കാറ്റിന്റെ ഗതിവിഗതികളെ ആശ്രയിച്ചാണ് മുന്നറിയിപ്പുകളില്‍ ചിലതെല്ലാം കീഴ് മേല്‍ മറിയുന്നത്. കാറ്റിന്റെ വേഗത, ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം തുടങ്ങിയവയെല്ലാം ഇതില്‍ ഘടകങ്ങളാണ്. പ്രതീക്ഷിച്ചതിലും വേഗം കാറ്റിനു വന്നാല്‍ ചിലപ്പോള്‍ മഴയുടെ തീവ്രതയിലും ആ വ്യത്യാസം പ്രകടമാകും.
റെഡ് അലര്‍ട്ട്
അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പാണ് ‘റെഡ്’. ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം. 204.4 മില്ലി മീറ്ററോ അതിനു മുകളിലോ മഴ ലഭിച്ചേക്കാമെന്നാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതീവ ജാഗ്രത പുലര്‍ത്തുക എന്നതിനൊപ്പം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും വേണം.
ഓറഞ്ച് അലര്‍ട്ട്
ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. കരുതിയിരിക്കുക, ജാഗ്രത പാലിക്കുക എന്നെല്ലാം ഓറഞ്ച് അലര്‍ട്ടിനു അര്‍ത്ഥമുണ്ട്.
യെല്ലോ അലര്‍ട്ട്
64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യം. ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് യെല്ലോ അലര്‍ട്ട് അര്‍ത്ഥമാക്കുന്നത്.
പച്ച അലര്‍ട്ട്
സമീപകാലത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട മുന്നറിയിപ്പാണിത്. പച്ച മുന്നറിയിപ്പ് എന്നാല്‍ മഴ ഉണ്ടാകില്ല എന്ന് അര്‍ത്ഥമില്ല. ജാഗ്രത പാലിക്കേണ്ടതായ തോതില്‍ മഴ ലഭിക്കില്ലെന്ന് മാത്രമാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പച്ച മുന്നറിയിപ്പ് ആണെങ്കിലും 64 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നേരിയ തോതില്‍ മഴ ലഭിച്ചേക്കാമെന്നാണ് അര്‍ത്ഥം. അതേസമയം വെള്ളയാണെങ്കില്‍ അതിനര്‍ത്ഥം മഴ ഇല്ലെന്നും മുന്നറിയിപ്പ് ഇല്ലെന്നുമാണ്. അപ്പോഴും 15.5 മില്ലി മീറ്റര്‍ വരെ ചാറ്റല്‍ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.
അവധി പ്രഖ്യാപനം
അതിതീവ്ര മഴയ്ക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി നല്‍കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എസ്.ഒ.പിയില്‍ പറയുന്നുണ്ട്. ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ അലര്‍ട്ട് ഉള്ളപ്പോള്‍ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും അവധി പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടത്തിനു സാധിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസം അതിതീവ്ര മഴ ലഭിക്കുകയും പിറ്റേന്ന് യെല്ലോ അലര്‍ട്ട് മാത്രമായിട്ടും അന്നേദിവസം അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അതിനു മറ്റൊരു കാരണമുണ്ട്. അതിതീവ്ര മഴ ലഭിച്ച ശേഷം ഈ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്ത് വെള്ളം താഴാനുള്ള സമയം കൂടി മുന്നില്‍കണ്ടാണ് ചിലപ്പോള്‍ യെല്ലോ അലര്‍ട്ട് ആയിട്ടും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.
















