ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിടന്പിനു മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന ശ്രീവിദ്യയെ എല്ലാവരും ചതിച്ചുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശ്രീവിദ്യ-കമൽഹാസൻ പ്രണയം വിവാഹം വരെ എത്തിയതാണ്. പക്ഷേ ഇരുവരും പിരിയുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അവരുടെ മനസിൽ ഇടം കിട്ടി. എന്നാൽ അദ്ദേഹവുമായുള്ള ബന്ധവും ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവന്നു.
ശ്രീവദ്യയെക്കുറിച്ചുള്ള ചില ഓർമകൾ പങ്കിടുകയാണ് പഴയകാല നടി ശ്രീലതാ നന്പൂതിരി.
“ശ്രീവിദ്യ വളരെ സെന്‍സിറ്റീവാണ്. ആത്മാര്‍ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാടുപേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് വിദ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്. കമല്‍ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ വിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താത്പര്യം കാണിച്ചിരുന്നില്ല. പിന്നെ അസുഖങ്ങളൊക്കെ വന്നതിനു ശേഷം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു വിദ്യ പറഞ്ഞത്. ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഉറക്കം വരുന്നില്ലെങ്കില്‍ വിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്കു ശ്രദ്ധിക്കാന്‍ പറഞ്ഞു. പാട്ടു പാടാനും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെക്കുറിച്ചു ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അതെല്ലാം ശ്രീവിദ്യയ്ക്കു സമാധാനം നൽകി…’ ശ്രീലത പറഞ്ഞു.