Kerala News

ലാഭത്തിന്റെ ട്രാക്കിൽ കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ സഞ്ചാര പാതയായി കൊച്ചി മെട്രോ. നഷ്ടങ്ങളുടെ കണക്ക് മാത്രമാകും മെട്രോ പറയുന്നത് എന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കൊച്ചി മെട്രോ ലാഭത്തിന്റെ പാളങ്ങളിലേക്ക് എത്തുന്നത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ( 2024-25) 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചിമെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപയായിരുന്നു പ്രവര്‍ത്തന നഷ്ടം. 2018-19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞെങ്കിലും 2019-20 വര്‍ഷം അത് 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും ഉയര്‍ന്നു.

2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലഭമാണ് നേടിയത്. 2023-24 കാലയളവില്‍ പ്രവര്‍ത്തന ലാഭം 22.94 കോടി രൂപയായി കുതിച്ചുയര്‍ന്നു.

2024-25 കാലയളവില്‍ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാര്‍ഗങ്ങളില്‍ നിന്ന്് 13.52 കോടി രൂപയും വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചിലവ് 149.03 കോടി രൂപയാണ്.

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണ് എന്ന് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടുവരാന്‍ കഴിയുന്നത്.നടപ്പാത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് ചിലവ്, പലിശ, ഡിപ്രീസിയേഷൻ, തുടങ്ങിയവ ഒഴിവാക്കിയാണ് പ്രവര്‍ത്തന ലാഭം കണക്കാക്കുന്നത്.

Related Posts

Leave a Reply