Featured Homepage Featured News World

ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

അമേരിക്കക്കാരനായ ധനകാര്യ വിദ​ഗ്ധനായിരുന്നു ജെഫ്രേയ് എപ്സ്റ്റെയ്ൻ. 1953 ജനുവരി 20 ന് അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ജെഫ്രേയ് അന്തരിച്ചത് 2019 ഓ​ഗസ്റ്റ് 10 ന് ജയിലിൽ വെച്ചായിരുന്നു. 1988 ൽ എപ്സ്റ്റെയ്ൻ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. 100 കോടി ഡോളറിലേറെ മൂല്യമുള്ള കമ്പനികളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. എന്നാൽ പരസ്യമായി ലെസ്ലി വെക്സ്നർ എന്ന എൽ ബ്രാൻഡ്സ് സിഇഒ മാത്രമായിരുന്നു ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനിയുടെ ഏക ഉപഭോക്താവ്. മറ്റ് ഇടപാടുകളെല്ലാം ദുരൂഹമായിരുന്നു.

2008 ൽ എപ്സ്റ്റെയ്ൻ 18 വയസ്സിന് താഴെയുള്ള ഒരാളെ വേശ്യാവൃത്തിക്ക് ഉപയോ​ഗിച്ചതുമായി ബന്ധപ്പെട്ട് ഫ്ലോറിഡയിൽ പിടിയിലായി. 13 മാസത്തോളം ജെഫ്രേയ് എപ്സ്റ്റെയ്ൻ ജയിലിലായി. യുഎസ് അറ്റോർണി ആയ അലക്സാണ്ടർ അകോസ്റ്റ കേസ് ഒത്തുതീർപ്പാക്കി 13 മാസത്തിന് ശേഷം എപ്സ്റ്റെയ്നെ ജയിലിന് പുറത്ത് കൊണ്ടുവന്നു. എപ്സ്റ്റെയ്നെ ജയിലിന് പുറത്ത് കൊണ്ടുവരാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് അലക്സാണ്ടർ അകോസ്റ്റയെ പിന്നീട് ഇരയുടെ അവകാശങ്ങൾ ലംഘിച്ചതിന് യുഎസ് ഭരണകൂടം ശിക്ഷിച്ചു. എന്നാൽ എപ്സ്റ്റെയ്നെ പിടികൂടാനായില്ല.

പ്രായ പൂർത്തിയാകാത്ത കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് 2019 ജുലായിൽ എപ്സ്റ്റെയ്ൻ യുഎസ് പൊലീസിന്റെ പിടിയിലായി. ലൈം​ഗികമായി ഉപയോ​ഗിക്കാനായിരുന്നു എപ്സ്റ്റെയ്ൻ കുട്ടികളെ കടത്തിയത്. തുടർന്ന് മാൻഹട്ടണിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിലെ ജയിലിൽ വെച്ച് 2019 ഓ​ഗസ്റ്റിൽ എപ്സ്റ്റെയ്ൻ മരിച്ചു.

എപ്സ്റ്റെയ്നുമായി ബന്ധപ്പെട്ട പുറത്തുവിടാൻ കഴിയുന്ന എല്ലാ രേഖകളും ഫോട്ടോകളും പുറത്തുവിടണമെന്ന ബില്ലിൽ 2025 നവംബർ 19-ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. യുഎസ് പ്രതിനിധി സഭയിലെയും യുഎസ് സെനറ്റിലെയും ജുഡീഷ്യറി കമ്മിറ്റികൾക്ക് ഫയലുകളിൽ പേരുള്ള “എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടേയും പട്ടിക” നൽകണമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. 2025 നവംബർ 18 ന് പ്രതിനിധി സഭ 427–1 വോട്ടിന് നിയമം പാസാക്കി. അടുത്ത ദിവസം, 2025 നവംബർ 19 ന് സെനറ്റ് ഏകകണ്ഠമായി ബിൽ പാസാക്കി, ട്രംപ് ബില്ലിൽ ഒപ്പിട്ടതോടെ നിയമവുമായി. നിയമമനുസരിച്ച് രേഖകൾ പുറത്തുവിടാൻ അറ്റോർണി ജനറലിന് 30 ദിവസത്തെ സമയം ലഭിച്ചു.

ഒരു മാസത്തിന് ശേഷം ഡിസംബർ 19 ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് എപ്സ്റ്റെയ്ൻ ഫയലുകൾ ആദ്യമായി പുറത്തുവിട്ടു. എന്നാൽ പുറത്തുവന്ന ഫയലിലെ രേഖകളിൽ പലതിലും വ്യാപകമായ തിരുത്തലുകൾ ഉണ്ടായിരുന്നു, ചില പേജുകൾ പൂർണ്ണമായും ലഭ്യമായിരുന്നുമില്ല. 2026 ജനുവരി 30 ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് എപ്സ്റ്റെയ്ൻ ഫയലുകളുടെ ബാക്കി ഭാ​ഗം പുറത്തുവിട്ടു. മുഴുവൻ എപ്സ്റ്റീൻ ഫയലുകൾ 6 ദശലക്ഷത്തിലധികം പേജുകൾ ഉൾക്കൊള്ളുന്നതാണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 3.5 ദശലക്ഷത്തിലധികം പേജുകൾ മാത്രമാണ് ജനുവരി 30 ന് പുറത്തുവന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

ബിൽ ഗേറ്റ്സ്, മൈക്കൽ ജാക്‌സൺ, മിക്ക് ജാഗർ, ഡയാന റോസ്, വാൾട്ടർ ക്രോങ്കൈറ്റ്, കെവിൻ സ്‌പേസി, ക്രിസ് ടക്കർ, ഡേവിഡ് കോപ്പർഫീൽഡ്, പീറ്റർ മണ്ടൽസൺ, ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സർ, സാറാ ഫെർഗൂസൺ, റിച്ചാർഡ് ബ്രാൻസൺ, ഡേവിഡ് ബ്രൂക്‌സ്, ഡേവിഡ് ബ്ലെയ്ൻ, വുഡി അലൻ, എഹുദ് ബരാക് എന്നിവരുൾപ്പെടെ വിവിധ സെലിബ്രിറ്റികളും പൊതു രം​ഗത്തുള്ള നിരവധി പേരും എപ്സ്റ്റെയ്നിന്റെ ഫോട്ടോ റിലീസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിസംബർ 23 ലെ മൂന്നാമത്തെ റിലീസിൽ ട്രംപിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങളുണ്ട്. ട്രംപിനെതിരെയുള്ള ബലാത്സംഗ ആരോപണവും ഇതിൽ ഉൾപ്പെടുന്നു.1993 നും 1996 നും ഇടയിൽ എപ്സ്റ്റെയ്ന്റെ സ്വകാര്യ ജെറ്റിൽ കുറഞ്ഞത് എട്ട് തവണയെങ്കിലും ട്രംപ് യാത്ര ചെയ്തതായി ഡിസംബർ 23 ന് പുറത്തുവിട്ട ഫയലുകളിൽ പറയുന്നു.

2017 നും 2019 നും ഇടയിൽ നിരവധി തവണ അനിൽ അംബാനി എപ്സ്റ്റെയ്നെ ബന്ധപ്പെട്ടതായി ഫയലിൽ വെളിപ്പെടുത്തുന്നുണ്ട്. ട്രംപിന്റെ ഭരണകൂടത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിലെ ജാരെഡ് കുഷ്നർ, സ്റ്റീവ് ബാനൻ എന്നിവരുമായി കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നതിന് അനിൽ അംബാനി എപ്സ്റ്റെയ്നിന്റെ സഹായം തേടിയിരുന്നു. ഇമെയിൽ വഴിയും ടെക്സ്റ്റ് മെസ്സേജുകൾ വഴിയുമായിരുന്നു അംബാനി എപ്സ്റ്റെയ്നെ ബന്ധപ്പെട്ടത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ഈ സന്ദേശങ്ങളെല്ലാം അയച്ചത് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കും എപ്സ്റ്റെയ്നിന്റെ ഇടപെടലുണ്ടായോ എന്ന് സംശയം ഉണ്ടാക്കുന്നു.

മോദിയെക്കുറിച്ച് മറ്റൊരിടത്തും പരാമർശമുണ്ട്. 2017 ലെ നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനം അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചായിരുന്നു എന്ന് എപ്സ്റ്റെയ്ന്റെ വാക്കുകളെ ഉദ്ധരിച്ച് ഫയലിൽ പറയുന്നുണ്ട്. “ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉപദേശം സ്വീകരിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ നേട്ടത്തിനായി ഇസ്രായേലിൽ നൃത്തം ചെയ്യുകയും പാടുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പ് അവർ കണ്ടുമുട്ടിയിരുന്നു. അത് വിജയിച്ചു”-എന്ന് എപ്സ്റ്റെയ്ൻ പറഞ്ഞുവെന്ന് ഫയലിൽ പരാമർശിക്കുന്നു. ഇന്ത്യ പലസ്തീനെതിരെയുള്ള ആക്രമണങ്ങളിൽ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് പിന്നോട്ടുപോകാൻ കാരണമായത് ഈ ഇടപെടലാണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് ഈ പരാമർശങ്ങൾ. 2017 ജൂലായ് 4 മുതൽ 6 വരെയുള്ള തീയതികളിൽ നരേന്ദ്രമോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു.

ഇലോൺ മസ്കിനെതിരെയും എപ്സ്റ്റെയ്ൻ ഫയലിൽ ആരോപണമുണ്ട്. ഒരു ഇമെയിൽ സന്ദേശത്തിൽ “നിങ്ങളുടെ ദ്വീപിലെ ഏറ്റവും വന്യമായ പാർട്ടി” എപ്പോൾ ആയിരിക്കുമെന്ന് എപ്‌സ്റ്റയ്നോട് ഇലോൺ മസ്‌ക് ചോദിച്ചതായി എപ്സ്റ്റെയ്ൻ ഫയലിൽ പറയുന്നു. 2012-ൽ ആണ് മസ്ക് എപ്‌സ്റ്റെയ്ന് ഇമെയിൽ സന്ദേശം അയച്ചത്.

2026 ഫെബ്രുവരി 9 ന് നിയമരം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് എപ്സ്റ്റെയ്ൻ ഫയൽ പൂർണമായും വായിക്കാൻ യുഎസ് അസിസ്റ്റന്റ്‍ അറ്റോർണി ജനറൽ പാട്രിക് ഡേവിസ് അനുമതി നൽകി. ഇവരുടെ കണ്ടെത്തലുകൾ പ്രകാരം 340 ഓളം പ്രമുഖരുടെ പേരുകൾ എപ്സ്റ്റെയ്ൻ ഫയലുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഫയലിൽ പരാമർശിക്കപ്പെട്ടതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ അവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ചിലർ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റു ചിലർ സ്ഥാപനങ്ങളുടെയോ സംഘടനകളുടേയോ ചുമതലകൾ രാജി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related Posts