Homepage Featured News World

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു; 25 പേർക്ക് പരുക്ക്

കാഠ്മണ്ഡു: പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.
പരുക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.

അപകടസമയത്ത് ബസിൽ 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ഗജൌരി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ബസ് ഉടമയായിരുന്ന ഓം കുമാർ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്.

നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts