1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയാണ് ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായ ശേഷമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ കേരള നിയമസഭയിലെത്തി. 65.49 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ അന്നത്തെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 60 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 43 സീറ്റ് ലഭിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് 9 സീറ്റാണ് നേടാനായത്. 14 സ്വതന്ത്ര സ്ഥാനാർത്ഥികൾ തെരഞ്ഞടുപ്പിൽ ജയിച്ചു. 5 സ്വതന്ത്രരുടെ പിന്തുണയോടെ ഇഎംഎസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി.
117 ദിവസം ഇഎംഎസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളം ഭരിച്ചു. സി അച്യുതമേനോൻ ആയിരുന്നു കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ ധനകാര്യമന്ത്രി. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ വകുപ്പും സഹകരണ വകുപ്പും കൈകാര്യം ചെയ്തു. കെ ആർ ഗൗരിയമ്മ റവന്യൂ വകുപ്പും ടിവി തോമസ് ഗതാഗതവും തൊഴിലും കൈകാര്യം ചെയ്തു. വിആർ കൃഷ്ണയ്യർ ഇഎംഎസ് മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു. ഭക്ഷ്യ, വനം വകുപ്പുകളുടെ മന്ത്രിയായിരുന്നു കെസി ജോർജ്ജ്. ടിഎ മജീദ് പൊതുമരാമത്ത് വകുപ്പുമന്ത്രി ആയിരുന്നു. പികെ ചാത്തൻ തദ്ദേശസ്വയംഭരണവും ഡോ. എആർ മേനോൻ ആരോഗ്യവകുപ്പിനെയും പ്രതിനിധീകരിച്ച് ഇഎംഎസ് മന്ത്രിസഭയിൽ അംഗങ്ങളായി. ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ ബില്ലും കൊണ്ടുവന്നത് പ്രതിപക്ഷത്തെയും സമുദായ സംഘടനകളെയും ചൊടുപ്പിച്ചു. തുടർന്നുണ്ടായ വിമോചന സമരത്തെത്തുടർന്ന് രാഷ്ട്രപതി 1959 ജുലായ് 31 ന് മന്ത്രിസഭ പിരിച്ചുവിട്ടു. പിന്നീടുള്ള ആറുമാസം കേരളത്തിൽ രാഷ്ട്രപതി ഭരണമായിരുന്നു.
1960 ലാണ് കേരളത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പ് നടത്തിയത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റുകളിൽ വിജയിച്ചപ്പോൾ സിപിഐ 29 സീറ്റുകളിൽ ഒതുങ്ങി. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 10 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ മുസ്ലീം ലീഗ് 11 ഇടത്ത് വിജയിച്ചു. 3 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് 1960 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലീം ലീഗും ഒരുമിച്ചായിരുന്നു ഇലക്ഷനിൽ മത്സരിച്ചത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പട്ടം താണു പിള്ള കേരളത്തിന്റെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ആർ ശങ്കർ ഉപമുഖ്യമന്ത്രിയുമായി മുസ്ലീം ലീഗ് നേതാവ് സീതി സാഹിബ് നിയമസഭാ സ്പീക്കർ ആയി. അദ്ദേഹം മരിച്ചപ്പോൾ സിഎച്ച് മുഹമ്മദ് കോയയും പിന്നീട് അലക്സാണ്ടർ പറമ്പിത്തറയും സ്പീക്കറായി ചുമതലയിലെത്തി.
രണ്ടരവർഷത്തിന് ശേഷം 1962 സെപ്റ്റംബർ 26 ന് ആർ ശങ്കർ മുഖ്യമന്ത്രി സ്ഥാനത്തെത്തി. പട്ടം താണു പിള്ള പഞ്ചാബ് ഗവർണറുമായി. പി ടി ചാക്കോ ആയിരുന്നു കേരളത്തിന്റെ അക്കാലത്തെ ആരോഗ്യമന്ത്രി. ചില ആരോപണങ്ങളെത്തുടർന്ന് പി ടി ചാക്കോയ്ക്ക് രാജി വെയ്ക്കേണ്ടി വന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തോട് പി ടി ചാക്കോയെ പിന്തുണക്കുന്ന എംഎൽഎമാർ അനുകൂലമായി വോട്ട് ചെയ്തതോടെ ആർ ശങ്കറിന്റെ മന്ത്രിസഭ നിലംപതിച്ചു. 1964 സെപ്റ്റംബർ മുതൽ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
1964 ൽ സിപിഐ ദേശീയതലത്തിൽ പിളർന്ന് സിപിഐ(എം) എന്ന പാർട്ടി രൂപീകരിച്ചു. പിടി ചാക്കോയെ അനുകൂലിക്കുന്ന ഒരുവിഭാഗം നേതാക്കൾ കോൺഗ്രസ് വിട്ട് കേരളത്തിൽ കേരള കോൺഗ്രസ് എന്നൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പിളർപ്പിലൂടെയും ലയനത്തിലൂടെയും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും ഉണ്ടായി. 1965 ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 133 സീറ്റുകളിൽ 40 സീറ്റുകളിൽ സിപിഎം വിജയിച്ചപ്പോൾ സിപിഐ 3 സീറ്റുകളിലൊതുങ്ങി. കോൺഗ്രസ് 36 ഇടത്ത് വിജയിച്ചപ്പോൾ കേരള കോൺഗ്രസ് 23 മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്കെത്തി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 13 സീറ്റുകളിൽ വിജയിച്ചപ്പോൾ 12 സ്വതന്ത്രരും 6 മുസ്ലീം ലീഗ് നേതാക്കളും നിയമസഭയിലെത്തി. 75.12 ശതമാനം പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ രാഷ്ട്രപതി ഭരണമായിരുന്നു കേരളത്തിന് വിധിക്കപ്പെട്ടത്. 1967 മാർച്ച് 6 വരെ കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
രണ്ടുവർഷത്തിന് ശേഷം1967 ൽ കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. സപ്തകക്ഷി മുന്നണി എന്ന പേരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സിപിഐ, എസ്എസ്‍പി(സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി), മുസ്ലീം ലീഗ്, ആർഎസ്പി, കർഷകത്തൊഴിലാളി പാർട്ടി, കേരള സോഷ്യലിസ്റ്റ് പാർട്ടി എന്നിവർ ചേർന്ന് മുന്നണി ആയിട്ട് ആയിരുന്നു ഇലക്ഷനെ നേരിട്ടത്. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. കേരള കോൺഗ്രസ് ഡിഎംകെയും സ്വതന്ത്രാ പാർട്ടിയുമായും സഖ്യമുണ്ടാക്കി. കോൺഗ്രസിന് വലിയ തകർച്ചയായിരുന്നു 1967 ലെ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. 9 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. കേരളാ കോൺഗ്രസ് 5 സീറ്റ് നേടി. സ്വതന്ത്ര സ്ഥാനാർത്ഥികളായ 15 പേർ നിയമസഭയിലെത്തി. സിപിഐഎമ്മിന് വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. 52 മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാർ വിജയിച്ചുകയറി നിയമസഭയിൽ അംഗങ്ങളായി. സപ്തകക്ഷി മുന്നണിയിൽ അംഗങ്ങളായ സിപിഐ – 19, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി – 19, മുസ്ലീം ലീഗ് -14 എന്നിങ്ങനെ സീറ്റുകളിൽ വിജയിച്ചു. ഇഎംഎസ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. മന്ത്രിസഭയ്ക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ വന്നു. മന്ത്രിമാർക്കെതിരെ അന്വേഷണം വേണമെന്ന പ്രമേയം നിയമസഭയിൽ പാസ്സായതോടെ 1969 നവംബർ 1 ന് മുഖ്യമന്ത്രിയായ ഇഎംഎസ്സിന് മന്ത്രിസഭ പിരിച്ചുവിടേണ്ടിവന്നു.
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി പിളർന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. സിപിഐ, മുസ്ലീം ലീഗ്, ആർഎസ്പി, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എന്നിവർ ചേർന്ന് 1969 നവംബർ 1 ന് പുതിയൊരു മന്ത്രിസഭയ്ക്ക് രൂപം കൊടുത്തു. സി അച്യുതമേനോൻ കേരളത്തിന്റെ നാലാമത്തെ മുഖ്യമന്ത്രിയുമായി. രാജ്യസഭാംഗത്വം രാജിവെച്ചായിരുന്നു സി അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. 1970 ഓഗസ്റ്റ് 1 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. പിന്നീട് 60 ദിവസം കേരളത്തിൽ വീണ്ടും രാഷ്ട്രപതി ഭരണം വേണ്ടിവന്നു.
കോൺഗ്രസ്, സിപിഐ, ആർഎസ്‍പി, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് എന്നിവർ ചേർന്ന സഖ്യം മത്സരിച്ച 1970 ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഒക്ടോബർ നാലിന് സി അച്യുതമേനോൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യം മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണച്ച കോൺഗ്രസും കേരളാ കോൺഗ്രസും 1971 സെപ്റ്റംബർ 25, 1975 ഡിസംബർ 26 തീയതികളിൽ മന്ത്രിസഭയുടെ ഭാഗമായി. 275 ദിവസത്തെ ഭരണത്തിന് ശേഷം ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലെ ചില എംഎൽഎമാർ പാർട്ടി വിട്ട് മുമ്പ് തങ്ങൾ ഉണ്ടായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് തിരിച്ചുപോയതോടെ സി അച്യുതമേനോൻ മന്ത്രിസഭ വീണ്ടും രാജി വെച്ചു. തുടർന്നും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു. 1977 മാർച്ച് 25 വരെയായിരുന്നു സി അച്യുതമേനോൻ കേരളം ഭരിച്ചത്. കെ കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്ന ഈ മന്ത്രിസഭയുടെ കാലാവധിക്കിടെ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ കേരളത്തിലും പ്രതിഫലിച്ചു.
1977 ലാണ് പിന്നീട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് 38 സീറ്റിൽ വിജയിച്ചു. സിപിഐ – 23, കേരള കോൺഗ്രസ് – 20, സിപിഎം – 17, മുസ്ലീം ലീഗ് 13, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി – 5, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി -3, ആർഎസ്‍പി – 9, ജനതാ പാർട്ടി – 6, മുസ്ലീം ലീഗ്(ഒ) – 3, കേരള കോൺഗ്രസ് (പിള്ള) – 3 എന്നിങ്ങനെയായിരുന്നു വിവിധ പാർട്ടികളുടെ സീറ്റുനില. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും തെരഞ്ഞെടുപ്പിൽ വിജയിച്ചു. കെ കരുണാകരൻ മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ്(ഒ), ജനതാ പാർട്ടി, കേരള കോൺഗ്രസ് (പിള്ള), സിപിഎം എന്നീ പാർട്ടികൾ പ്രതിപക്ഷത്തിരുന്നു. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെ മാത്രമായിരുന്നു കെ കരുണാകരന് മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് ഈച്ചരവാര്യർ സമർപ്പിച്ച ഹർജിയിൽ ഉണ്ടായ വിധിയിലെ പരാമർശങ്ങളുടെ പേരിൽ കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. തുടർന്ന് എകെ ആന്റണി മുഖ്യമന്ത്രിയായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയെത്തുടർന്ന് ഇന്ദിരാഗാന്ധിയടക്കം കോൺഗ്രസിലെ പ്രമുഖർക്കെല്ലാം വലിയ തിരിച്ചടി നേരിട്ടു. എന്നാൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധിയെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാഗ്ലൂരിലെ ചിക്കമംഗലൂരിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ച എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. 1978 ഒക്ടോബർ 29 മുതൽ – 1979 ഒക്ടോബർ 7 വരെ സിപിഐ നേതാവ് പി കെ വാസുദേവൻ നായരും 1979 ഒക്ടോബർ 12 മുതൽ 1979 ഡിസംബർ 1 വരെ മുസ്ലീം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയും കേരളത്തിന്റെ മുഖ്യമന്ത്രിയായി.
1980 ൽ കേരളത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് എന്ന നിലയിൽ രണ്ട് സഖ്യങ്ങൾ കേരളത്തിൽ രൂപം കൊണ്ടു. യുഡിഎഫിൽ കോൺഗ്രസ്, മുസ്ലീം ലീഗ്, കേരളാ കോൺഗ്രസ്(ജോസഫ്), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവർ നിലകൊണ്ടു. എൽഡിഎഫിൽ സിപിഐ, സിപിഎം, കേരളാ കോൺഗ്രസ് (പിള്ള), ഓൾ ഇന്ത്യ മുസ്ലീം ലീഗ്, ആർഎസ്പി, കേരളാ കോൺഗ്രസ് (മാണി), കോൺഗ്രസ് (യു) എന്നീ പാർട്ടികൾ ഭാഗമായി. എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ 93 സീറ്റുകളാണ് ലഭിച്ചത്. ഇകെ നായനാർ കേരളത്തിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി. 1980 ജനുവരി 25 മുതൽ 1981ഒക്ടോബർ 20 വരെ മാത്രമേ ഇകെ നായനാർ മന്ത്രിസഭയ്ക്ക് നിലനിൽക്കാൻ കഴിഞ്ഞുള്ളൂ. കോൺഗ്രസ് (യു), കേരളാ കോൺഗ്രസ് (മാണി) എന്നിവർ പിന്തുണ പിൻവലിച്ചതോടെ മന്ത്രിസഭ നിലംപൊത്തി. കേരളം വീണ്ടും രാഷ്ട്രപതിയുടെ ഭരണത്തിലേക്ക് നീങ്ങി. എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ കോൺഗ്രസ് (യു), കേരളാ കോൺഗ്രസ് (മാണി) എന്നീ പാർട്ടികളുടെ പിന്തുണയോടെ കെ കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി. 1981 ഡിസംബർ 28 മുതൽ – 1982 മാർച്ച് 17 വരെ കരുണാകരൻ മുഖ്യമന്ത്രിയായി തുടർന്നു. 79 ദിവസം മാത്രമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്സ്. കോൺഗ്രസ് (യു) ദേശീയതലത്തിൽ കോൺഗ്രസ് (എസ്) ആയതോടെ കോൺഗ്രസ് (യു) വിലെ 21 എംഎൽഎമാരിൽ 16 പേർ എകെ ആന്റണിയ്ക്കൊപ്പം കോൺഗ്രസ് (എ) ആയി. അതോടെ യുഡിഎഫിന് ഒരു എംഎൽഎയുടെ ഭൂരിപക്ഷം മാത്രമായി. സ്പീക്കർ കാസ്റ്റിങ് വോട്ട് ചെയ്യുകയും കേരള കോൺഗ്രസിലെ ലോനപ്പൻ നമ്പാടൻ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ 1982 മാർച്ച് 15 ന് യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. നിയമസഭ പിരിച്ചുവിട്ടു.
1982 ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.51 ശതമാനം പോളിങ് രേഖപ്പെടുത്തി. 77 സീറ്റുകളോടെ യുഡിഎഫ് ജയിക്കുകയും കെ കരുണാകരൻ മുഖ്യമന്ത്രി ആകുകയും ചെയ്തു. യുഡിഎഫിന്റെ ഭാഗമായ കോൺഗ്രസ് 20 സീറ്റുകളിലാണ് വിജയിച്ചത്. മുസ്ലീം ലീഗ് 14 സീറ്റിലും കേരളാ കോൺഗ്രസ് (ജെ) 8 സീറ്റിലും കേരളാ കോൺഗ്രസ് 6 സീറ്റിലും എൻഡിപി 2 ഇടത്തും നേട്ടമുണ്ടാക്കി. എൽഡിഎഫിനൊപ്പം നിന്ന സിപിഎം 26 സീറ്റിലും സിപിഐ 13 ഇടത്തും കോൺഗ്രസ് (എസ്) 13 ലും ജനതാ പാർട്ടി, ഓൾ ഇന്ത്യ മുസ്ലീം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾ 4 വീതം സീറ്റുകളിലും വിജയിച്ചു. 34 സ്വതന്ത്ര സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ ജയിച്ചു. 1982 മെയ് 24 മുതൽ – 1987 മാർച്ച് 25 വരെ കെ കരുണാകരൻ കേരളം ഭരിച്ചു.
1987 ൽ 80.54 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 78 സീറ്റ് നേടി ഇകെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയായി. സിപിഎം 38 സീറ്റ് നേടി. കോൺഗ്രസ് 33 മണ്ഡലങ്ങൽ സ്വന്തമാക്കി. സിപിഐ 16, മുസ്ലീം ലീഗ് 15, ജനതാ പാർട്ടി 7, ഇന്ത്യൻ കോൺഗ്രസ് (എസ് ശരത് ചന്ദ്ര സിൻഹ) 6 , ആർഎസ്‍പി 5, കേരളാ കോൺഗ്രസ് 5, ലോക്ദൾ 1, മറ്റുള്ളവർ 14 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
1991 ജൂണിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കി. കോൺഗ്രസ് 55 സീറ്റുകൾ നേടി. സിപിഎം 29 സീറ്റ് നേടി. മുസ്ലീം ലീഗ് 19, കേരള കോൺഗ്രസ് (എം) 10, സിപിഐ 12, ജനതാദൾ 3, ആർഎസ്പി 2, കോൺഗ്രസ് (എസ്) 2, എൻഡിപി 2, സിഎംപി 1, കേരള കോൺഗ്രസ് 1, സ്വതന്ത്ര സ്ഥാനാർത്ഥികൾ 4 എന്നിങ്ങനെയായിരുന്നു നിയമസഭയിൽ അംഗങ്ങളായി എത്തിയത്. കെ കരുണാകരനായിരുന്നു മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി ആകുമെന്ന് കരുതിയ വിഎസ് അച്ചുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെത്തുടർന്ന് ഇകെ നായനാർ മുഖ്യമന്ത്രി ആയ തെരഞ്ഞെടുപ്പായിരുന്നു 1996 ൽ നടന്നത്. 71.16 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സിപിഎം 40 സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ് 37 ഇടത്ത് നേട്ടമുണ്ടാക്കി. സിപിഐ 18, മുസ്ലീം ലീഗ് 13, കേരള കോൺഗ്രസ് (എം) 5, കോൺഗ്രസ് (എസ്) 3, കേരള കോൺഗ്രസ് (ബി) 1, ജെഎസ്എസ് 1, ജനതാദൾ 4, കേരളാ കോൺഗ്രസ് 6, കേരളാ കോൺഗ്രസ് (ജേക്കബ്) 2 എന്നിങ്ങനെയായിരുന്നു നിയമസഭയിലെ കക്ഷിനില.
2001 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 99 സീറ്റുകളിൽ വിജയിച്ചു. എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായി. കോൺഗ്രസ് 62 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ സിപിഎമ്മിന് 23 ഇടത്ത് മാത്രമായിരുന്നു ജയിക്കാനായത്. മുസ്ലീം ലീഗ് 16 ഇടത്ത് വിജയിച്ചപ്പോൾ കേരള കോൺഗ്രസ് (എം) 9 മണ്ഡലങ്ങളിൽ നേട്ടം കൊയ്തു. സിപിഐ 7 സീറ്റിൽ നേട്ടമുണ്ടാക്കി. ജെഎസ്എസ് 4 സീറ്റ് നേടി. ജനതാദൾ എസ് 3 സീറ്റിൽ വിജയിച്ചു. എൻസിപി, കേരളാ കോൺഗ്രസ്, ആർഎസ്പി, കേരളാ കോൺഗ്രസ്(ബി), കേരളാ കോൺഗ്രസ് (ജേക്കബ്), ആർഎസ്‍പി(ബി) എന്നീ പാർട്ടികൾ 2 വീതം സീറ്റുകളിൽ വിജയിച്ചു. സിഎംപിക്ക് ഒരു സീറ്റും നേടാനായി. 3 സ്വതന്ത്ര സ്ഥാനാർത്ഥികൾ നിയമസഭയിലെത്തി.
എൽഡിഎഫിന് വൻ വിജയം നേടിക്കൊടുത്ത തെരഞ്ഞെടുപ്പായിരുന്നു 2006 ലേത്. സിപിഎം 61 സീറ്റുകളിൽ വിജയിച്ചുകയറിയപ്പോൾ കോൺഗ്രസ് 24 മണ്ഡലങ്ങളിൽ മാത്രമായിരുന്നു നേട്ടമുണ്ടാക്കിയത്. വിഎസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായി. 72-08 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എൽഡിഎഫ് 98 സീറ്റ് നേടി അധികാരത്തിലെത്തി. സിപിഐ 17, കേരള കോൺഗ്രസ് (എം) 7, മുസ്ലീം ലീഗ് 7, ജനതാദൾ എസ് 5, കേരള കോൺഗ്രസ് 4, എൻസിപി 3, ആർഎസ്‍പി 1, ജെഎസ്എസ് 1, ഡിഐസി 1, ഐഎൻഎൽ 1, കേരള കോൺഗ്രസ് (എസ്) 1, കേരള കോൺഗ്രസ് (ബി) 1 എന്നിങ്ങനെയായിരുന്നു നിയമസഭയിലെ മറ്റു പാർട്ടികളുടെ അംഗസംഖ്യ. 5 മണ്ഡലങ്ങളിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും നിയമസഭയിലെത്തി.
മാറി മാറി വരുന്ന ഗവൺമെന്റ് എന്ന ട്രെൻഡ് ആയിരുന്നില്ല 2011 ൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ തിരിച്ചുവരുമെന്ന് കരുതിയ ഇടത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ആർഎസ്പി എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തി. ജെഎസ്എസ് പിളർന്ന് ഒരു ഭാഗം യുഡിഎഫിനൊപ്പം ചേർന്നു. 72 സീറ്റ് യുഡിഎഫിനും 68 സീറ്റ് എൽഡിഎഫിനും ലഭിച്ചു. 2011-ൽ നെയ്യാറ്റിൻകരയിൽ നിന്നും ജയിച്ച സിപിഐഎമ്മിന്റെ ആർ സെൽവരാജ് 2012 മാർച്ച് 9-ന് നിയമ സഭാംഗത്വവും പാർട്ടി സ്ഥാനങ്ങളും രാജി വെയ്ക്കുകയും തുടർന്ന് 2012 ജൂൺ 2-ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇതോടെ യുഡിഎഫ് സുരക്ഷിതമായ 73 എന്ന നിലയിലെത്തി. 2011 ലെ തെരഞ്ഞെടുപ്പിൽ സിപിഎം ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. സിപിഎമ്മിന്റെ 45 എംഎൽഎമാർ നിയമസഭയിലെത്തി. കോൺഗ്രസിന് 38 എൺഎൽഎമാരായിരുന്നു നിയമസഭയിലുണ്ടായിരുന്നത്. മുസ്ലീം ലീഗ് 20 മണ്ഡലങ്ങളിൽ വിജയിച്ചു. സിപിഐ 13 ഇടത്തും. കേരളാ കോൺഗ്രസ് (എം) 9 മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കി. ജനതാദൾ എസ് നാലിടത്തും സോഷ്യലിസ്റ്റ് ജനത, ആർഎസ്പി, എൻസിപി എന്നീ പാർട്ടികൾ രണ്ടു വാതം മണ്ഡലങ്ങളിലും വിജയിച്ചു. കേരളാ കോൺഗ്രസ് (ബി), ആർഎസ്പി(ബി), കേരളാ കോൺഗ്രസ് (ജേക്കബ്), എൻഎസ്‍സി എന്നീ പാർട്ടികൾ ഓരോ സീറ്റുവീതം നേടി. 6 സ്വതന്ത്ര എംഎൽഎമാരും തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
2016 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു തുടങ്ങി. സിപിഎം 58 മണ്ഡലങ്ങളിൽ വിജയം നേടിയപ്പോൾ കോണ്ഗ്രസ് 22 മണ്ഡലങ്ങളിലാണ് നേട്ടമുണ്ടാക്കിയത്. സിപിഐ 19 ഇടത്തും മുസ്ലീം ലീഗ് 18 മണ്ഡലങ്ങളിലും വിജയിച്ചു. കേരള കോൺഗ്രസ് (എം) 6, ജനതാദൾ (എസ്) 3, എൻസിപി 2, കോൺഗ്രസ് (എസ്), സിഎംപി, കേരളാ കോൺഗ്രസ് (ബി), കേരളാ കോൺഗ്രസ് (ജേക്കബ്), എൻഎസ്‍സി എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. 6 സ്വതന്ത്രരും എംഎൽഎമാരായി 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ നിയമസഭയിൽ എത്തി. 77.10 ശതമാനമായിരുന്നു 2016 തെരഞ്ഞെടുപ്പിലെ പോളിങ്.
2021 ൽ 99 സീറ്റുമായി എൽഡിഎഫ് അധികാരത്തിലെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി. കേരളാ കോൺഗ്രസ് (എം) എൾഡിഎഫിലെത്തിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. 76 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സിപിഎം 67 സീറ്റുകളാണ് നേടിയത്. കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കെകെ ശൈലജ ടീച്ചർ നിയമസഭാംഗമായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 60,963 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ശൈലജ ടീച്ചർക്ക് ലഭിച്ചത്. കോൺഗ്രസ് 2021 ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിലാണ് വിജയിച്ചത്. സിപിഐ 17 സീറ്റുനേടി. കേരളാ കോൺഗ്രസ് (എം) 5, മുസ്ലിം ലീഗ് 15, ജനതാദൾ (എസ്) 2, എൻസിപി 2 എന്നിങ്ങനെ സീറ്റുകളിൽ വിജയിച്ച് നിയമസഭയിലെത്തി. എൽജെഡി, കേരളാ കോൺഗ്രസ് (ബി), കേരളാ കോൺഗ്രസ് (ജേക്കബ്), എൻഎസ്‍സി, കോൺഗ്രസ് (എസ്), ആർഎംപി, ഐഎൻഎൽ, ജനാധിപത്യ കേരളാ കോൺഗ്രസ്, എന്നീ പാർട്ടികളും 2021 ലെ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലങ്ങളിൽ വീതം വിജയിച്ചു. 6 സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നിയമസഭാംഗങ്ങളായത്.
















