തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഡിസൈൻ & മാനുഫാക്ചറിങ്ങ്, സോഫ്റ്റുവെയർ ഡെവലപ്മെൻ്റ് രംഗത്തെ പ്രശസ്ത സ്ഥാപനമായ SFO ടെക്നോളജീസ് കേരളത്തിൽ 2000 കോടിയുടെ നിക്ഷേപം നടത്തുന്നു. ട്രേഡ് എക്സ് കേരള മീറ്റിൽ ആണ് SFO ടെക്നോളജീസ് കേരളത്തിലെ നിക്ഷേപം പ്രഖ്യാപിച്ചത്. ഗ്യാസ് & ഓയിൽ മേഖലയിലെയും എയ്റോസ്പേസ് & ഡിഫൻസ് മേഖലയിലേയും വ്യവസായങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് SFO ടെക്നോളജീസിന്റെ നിക്ഷേപമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ആയിരത്തോളം പേർക്ക് പ്രത്യക്ഷത്തിൽ ജോലി നൽകുന്നതാകും നിക്ഷേപമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചി ആസ്ഥാനമായി 1990 ൽ സ്ഥാപിതമായ സ്ഥാപനമാണ് SFO ടെക്നോളജീസ്. ട്രാൻസ്ഫോർമറുകൾ, ഇലക്ട്രോണിക് ചോക്കുകൾ തുടങ്ങിയ മാഗ്നെറ്റിക് കമ്പോണെന്റ്സ്, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവയുടെ മാനുഫാക്ച്വറിങ് നടതതുന്ന കമ്പനിയാണ് SFO ടെക്നോളജീസ്. എംബഡഡ് സിസ്റ്റംസ്, സോഫ്റ്റ്വെയർ ഡവലപ്പ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സൊലൂഷൻസ്, ഇൻഡസ്ട്രിയൽ റിസർച്ച് തുടങ്ങിയ എൻജിനീയറിങ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.
പുതിയ നിക്ഷേപവുമായി ബന്ധപ്പെട്ട് നിക്ഷേപ താൽപര്യ പത്രം നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ ജഹാംഗീർ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറിയായ എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസിനാണ് നിക്ഷേപ താൽപര്യ പത്രം കൈമാറിയത്. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കമ്പനിയുടെ പുതിയ നിക്ഷേപം കേരളത്തിൽ തന്നെ നടത്തുന്നതിന് കാരണമായെന്ന് ജഹാംഗീർ പറഞ്ഞു. ജഹാംഗീറിൻ്റെ വാക്കുകൾ മാറിയ കേരളത്തിനും സർക്കാരിനുമുള്ള അംഗീകാരമാണെന്ന് മന്ത്രി പ്രതികരിച്ചു.
















