കൊച്ചി: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമനൊപ്പം ഓടാം മലയോര ഹൈവേയിലൂടെ. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. ഇതിൽ നിങ്ങൾക്കും പങ്കാളിയാകാം. ഇതിനായി kiifb.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ HILL HIGH WAY RUN with MILIND SOMAN – 22th February 2026 – എന്ന ന്യൂസിനൊപ്പമുള്ള Regsiter ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. പേര്,വാട്സ് ആപ്പ് നമ്പർ, ഇ മെയിൽ അഡ്രസ്, ജില്ല എന്നിവ നൽകിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ ഹൈവേയിൽ മിലിന്ദ് സോമൻ 450 കിലോമീറ്റർ ദൂരം ഓടിയിരുന്നു. ഇത്തവണ ഏലപ്പാറ മുതൽ ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ ദൂരത്തിലാണ് ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിക്കുന്നത്.
134.4 കോടി രൂപ ചെലവഴിച്ച് സംസ്ഥാനസർക്കാർ ഇടുക്കിയിലെ മലയോര ഹൈവേയുടെ പണി പൂർത്തീകരിച്ചിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1,332 കിലോമീറ്ററിലധികമാണ് മലയോര ഹൈവേയുടെ ആകെ ദൈർഘ്യം. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിർമാണം.
മലയോര ഹൈവേയിൽ വൈദ്യുതി, ഇന്റർനെറ്റ് കേബിളുകൾ എന്നിവയ്ക്കായി പ്രത്യേക യൂട്ടിലിറ്റി ഡക്റ്റുകളും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ 50 കിലോമീറ്ററിലും വിശ്രമകേന്ദ്രങ്ങളാണ് മറ്റൊരു പ്രത്യേകത. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വ്യൂ പോയിന്റുകളും ഹിൽ ഹൈവേയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
















