തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ നടപടി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.
അതേസമയം ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ നവജാത ശിശുവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കി. ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിയത് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ടിനേയും ആർഡിഒയെയും ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ നാല് മണിക്ക് നിരഞ്ജനയെ ലേബർ റൂമിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയൻ നടത്തി. എന്നാൽ ശ്വാസതടസ്സം നേരിട്ട കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
















