പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം. ശബരിമലയിലെ കട്ടിളപ്പാളിയിലേയും, ദ്വാരപാലകശിൽപത്തിലേയും സ്വർണം പൂശിയ പാളികൾ പുറത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചു.
കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 41-ാം ദിവസമാണ് ജാമ്യം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 5 പേർ പുറത്തുവന്നിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതി ആറാമതായി തന്ത്രി ഇന്ന് പുറത്തിറങ്ങും.
സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തുവന്നിട്ടുണ്ട്. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ നേരത്തേ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തെളിവുകളില്ലാത്തതിനാൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് റിമാൻഡിലായി 43ാം ദിവസം ജാമ്യം ലഭിച്ചു.
സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ദേവസ്വം മുൻ കമ്മിഷണറും പ്രസിഡന്റുമായ എൻ വാസുവിനും സാവാഭാവിക ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണക്കമ്മീഷണർ കെഎസ് ബൈജുവിന് ഫെബ്രുവരി 12 ന് ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ തന്ത്രി കണ്ഠരര് രാജീവരും ജാമ്യം നേടി പുറത്തുവരുന്നത്.
















