കോഴിക്കോട്: ഇന്നലെ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ നാളെ ((2026 ഫെബ്രുവരി 19, വ്യാഴാഴ്ച) മുതൽ വ്രതമാരംഭിക്കും. ഇന്ന് രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാഗമായ പ്രത്യേക നമസ്കാരങ്ങൾ ആരംഭിക്കും. ഒമാനിലും നാളെയാണ് വ്രതാരംഭം. അതേസമയം മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതമാരംഭിച്ചു. വിശപ്പിന്റെയും ത്യാഗത്തിന്റെയും വിലയറിയാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സന്ദേശം സ്വീകരിക്കാനും വിശ്വാസികളെ സഹായിക്കുന്നതാണ് ഈ പുണ്യമാസം. ആദ്ധ്യാത്മിക വെളിച്ചം പകർന്ന് ജീവിതത്തിന് പുതിയ താളം നൽകുന്നതാണ് പുണ്യമാസമെന്നും വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് (ബുധനാഴ്ച) തുടക്കമായി. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിലെ സുപ്രീം കോടതിയായ റോയൽ കോർട്ട് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ മാസപ്പിറവി നിരീക്ഷിക്കുന്നതിന് നേതൃത്വം നൽകി. ഇന്നലെ മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഇന്ന് മുതൽ സൗദിയിൽ പുണ്യമാസം ആരംഭിക്കും. ഈ പുണ്യമാസത്തിൽ യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവർത്തിക്കുക. സ്വകാര്യ മേഖലാ ജീവനക്കാർക്ക് യുഎഇയിൽ ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് നൽകിയിട്ടുണ്ട്.
















