ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു.
സിംബാബ്വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കു ഇന്നത്തെ സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം നിര്‍ണായകമായിരുന്നു. ഇന്ന് അയര്‍ലന്‍ഡ് ജയിക്കുകയും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയുകയും വേണമായിരുന്നു ഓസ്‌ട്രേലിയയ്ക്കു സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍. ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഈ സാധ്യതയും ഇല്ലാതായി.
ഓസ്‌ട്രേലിയയ്‌ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. സിംബാബ്വെയും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്ക് കയറിയിരിക്കുന്നത്.
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ഉള്ളത്. സൂപ്പര്‍ എട്ടില്‍ അതാത് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍ക്കെതിരെയാണ് ഒരു ടീം കളിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ സൂപ്പര്‍ എട്ട് മത്സരം ഫെബ്രുവരി 22 നു നടക്കും. സിംബാബ്വെയ്‌ക്കെതിരെ ഫെബ്രുവരി 26 നും വെസ്റ്റ് ഇന്‍ഡീസിനെതിരെ മാര്‍ച്ച് ഒന്നിനുമാണ് ഇന്ത്യ കളിക്കുക.
















