Homepage Featured Kerala News

സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരണം തുടങ്ങി- മന്ത്രി പി.പ്രസാദ്

കോട്ടയം: സംസ്ഥാനത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരണ നടപടികള്‍ക്ക് പാലക്കാട് തുടക്കം കുറിച്ചതായി കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ സജ്ജമാക്കിയ ജില്ലയിലെ ഏറ്റവും വലിയ പോളിഹൗസിലെ കാര്‍ഷിക വിളകളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുകയും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംഭരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍-പാലാ റോഡിലെ മങ്കര കലുങ്കിന് സമീപം നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലൂടെ കാര്‍ഷിക മേഖലയിലും ശ്രദ്ധേയമായ വികസനം സാധ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.

കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഏറ്റുമാനൂര്‍ കൃഷിഭവന്റെ സഹായത്തോടെയാണ് റൂട്ട്സ് ആന്‍ഡ് ഗ്രീന്‍സ് ഓര്‍ഗാനിക് ഫാം പോളിഹൗസ് പദ്ധതി നടപ്പാക്കിയത്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍, മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോളിഹൗസ് നിര്‍മിച്ചത്.

കൂടാതെ കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേയും കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതന സംരംഭങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് മില്ലറ്റ് കഫേകള്‍ ആരംഭിച്ചതെന്നും ഒരു മില്ലറ്റ് കഫേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പുതിയ ആശയങ്ങളിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

കൃഷിവകുപ്പും അര്‍ച്ചന വിമന്‍സ് സെന്ററും ചേര്‍ന്ന് കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിലുള്‍പ്പെടുത്തി മില്ലറ്റ് കഫേ ആരംഭിച്ചത്. പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Related Posts