വേനൽക്കാലമായാലും വ്യായാമത്തിന് ശേഷമായാലും ദാഹം മാറ്റാൻ നമ്മൾ ആദ്യം ആശ്രയിക്കുന്നത് കരിക്കിൻ വെള്ളത്തെയോ അല്ലെങ്കിൽ ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളത്തെയോ ആണ്. ഇവ രണ്ടും ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, ശരീരത്തിന് ജലാംശം നൽകുന്ന കാര്യത്തിൽ ഏതാണ് മുൻപന്തിയിൽ നിൽക്കുന്നത്?
കരിക്കിൻ വെള്ളം: പ്രകൃതിയുടെ സ്‌പോർട്‌സ് ഡ്രിങ്ക്
കരിക്കിൻ വെള്ളത്തെ ‘പ്രകൃതിദത്തമായ സ്പോർട്സ് ഡ്രിങ്ക്’ എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കരിക്കിൻ വെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു. കഠിനമായ വ്യായാമത്തിന് ശേഷമോ വെയിലത്ത് പോയി വന്നാലോ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരിച്ചുപിടിക്കാൻ കരിക്കിൻ വെള്ളം മികച്ചതാണ്. ഒരു ഗ്ലാസ് കരിക്കിൻ വെള്ളത്തിൽ ഏകദേശം 45-60 കാലറി അടങ്ങിയിട്ടുണ്ട്.
നാരങ്ങാവെള്ളം: വൈറ്റമിൻ സിയുടെ കലവറ
നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് നാരങ്ങാവെള്ളം. വൈറ്റമിൻ സിയാൽ സമ്പന്നമായ നാരങ്ങാവെള്ളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ദഹനം സുഗമമാക്കാനും നാരങ്ങാവെള്ളം ഉത്തമമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളത്തിൽ കാലറി വളരെ കുറവാണ്. എന്നാൽ നമ്മൾ സാധാരണയായി പഞ്ചസാര ചേർത്താണ് ഇത് കുടിക്കുന്നത്. രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്ത ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ ഏകദേശം 40 കാലറി ഉണ്ടാകും.
ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇവ രണ്ടും അവരുടേതായ രീതിയിൽ ശരീരത്തിന് ഗുണകരമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ കഠിനമായി വ്യായാമം ചെയ്യുന്നവരാണെങ്കിൽ കരിക്കിൻ വെള്ളമാണ് കൂടുതൽ അനുയോജ്യം. ഇത് പേശിവലിവ് തടയാനും ഇലക്ട്രോലൈറ്റുകൾ വീണ്ടെടുക്കാനും സഹായിക്കും. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം തിരഞ്ഞെടുക്കാം. ഇതിൽ കലോറി കുറവായതിനാൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. കരിക്കിൻ വെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര ഉള്ളതിനാൽ പ്രമേഹരോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കുക. പഞ്ചസാര ഒഴിവാക്കിയുള്ള നാരങ്ങാവെള്ളം ഇവർക്ക് കൂടുതൽ സുരക്ഷിതമാണ്.
വേഗത്തിൽ ജലാംശം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം മികച്ചതാണെങ്കിലും, നിത്യേനയുള്ള ഉപയോഗത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും നാരങ്ങാവെള്ളവും ഒട്ടും പിന്നിലല്ല. പുറത്തുനിന്ന് വാങ്ങുന്ന നാരങ്ങാവെള്ളത്തിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യം മറക്കരുത്.
















