കൊച്ചി: നടൻ ജയറാമിനെ കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിക്കാനായി കൊണ്ടുപോകുന്നതിന് മുമ്പ് കട്ടിളയിലെ സ്വർണം പൂശിയ പാളി ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്.
അതേസമയം സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്ന് ജയറാം പ്രതികരിച്ചു. തന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ എന്നു പറഞ്ഞ ജയറാം ഇനിയും ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെയെന്നും അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്നും പറഞ്ഞു. 50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ് താനെന്നും ഇത് കടമയാണെന്നും ജയറാം പറഞ്ഞു.
കേരളത്തിൽ അങ്ങോളമിങ്ങോളം പല ക്ഷേത്രങ്ങളിലും നടക്കുന്ന പരിപാടികളിൽ തനിക്കാണ് ആദ്യം ക്ഷണം ലഭിക്കാറുള്ളത്. അത്തരത്തിലാണ് സ്വർണപ്പാളി ഉള്ളിടത്തും തനിക്ക് ക്ഷണം ലഭിച്ചതെന്നാണ് ജയറാം പറയുന്നത്. ഏതെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് താനും എന്ന് ജയറാം പറഞ്ഞു. ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു ജയറാമിന്റെ പ്രതികരണം.
















