Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഇന്ത്യയിൽ; മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി, മോദിയുമായി പ്രതിരോധ മേഖലയിലടക്കം നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ​ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡേയും സുനേത്ര പവാറും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് മുംബൈയിൽ നടക്കും.

ഇമാനുവൽ മക്രോൺ മുംബൈയിലേക്ക് എത്തിയതുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ‘മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് എച്ച്.ഇ ഇമാനുവൽ മക്രോണിനെയും ഭാര്യ ബ്രിജിറ്റ് മക്രോണിനേയും മുഴുവൻ സംഘത്തെയും സ്വാ​ഗതം ചെയ്യുന്നു. മുംബൈയിൽ സന്തോഷകരമായ താമസവും വിജയകരമായ ഇന്ത്യ സന്ദർശനവും ആശംസിക്കുന്നു.’- ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു.

ഇമാനുവൽ മക്രോണും ഇന്ത്യ സന്ദർശനത്തെക്കുറിച്ച് ഒരു പോസ്റ്റ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള മൂന്ന് ദിവസത്തെ സന്ദർശനമാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിന് ജീവൻ നൽകുന്ന ബിസിനസ്സ് നേതാക്കളും സാമ്പത്തിക, വ്യാവസായിക, സാംസ്കാരിക, ഡിജിറ്റൽ രം​ഗത്തെ പ്രമുഖരും തനിക്കൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പരസ്പര സഹകരണത്തിൽ ഇനിയും മുന്നോട്ടുപോകാനുണ്ട്. പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്രമോദി, നാളെ കാണാം’-ഇമാനുവൽ മക്രോൺ കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി ഇമാനുവൽ മക്രോണിനെ ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്തു. ഇന്ത്യയിലേക്ക് സ്വാഗതം! നിങ്ങളുടെ സന്ദർശനവും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നമ്മുടെ ചർച്ചകൾ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പ്രിയ സുഹൃത്ത് @EmmanuelMacron, മുംബൈയിലും പിന്നീട് ഡൽഹിയിലും കാണാം, ”പ്രധാനമന്ത്രി എഴുതി.

മക്രോണിന്റെ ഇന്ത്യയിലേക്കുള്ള നാലാമത്തെയും മുംബൈയിലേക്കുള്ള ആദ്യത്തെയും യാത്രയുമാണിത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമാനുവൽ മക്രോൺ ലോക്ഭവനിൽ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ബഹിരാകാശ ​ഗവേഷണം, നൂക്ലിയാർ എനർജി, കാലാവസ്ഥാ നിരീക്ഷണം, വിദ്യാഭ്യാസം, ഉയർന്നുവരുന്ന പുതിയ ടെക്നോളജികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പ്രതിരോധം, വ്യാപാരം, വൈദഗ്ദ്ധ്യം, ആരോ​ഗ്യം, സപ്ലൈ ചെയിൻ എന്നീ മേഖലകളിലായി ഏകദേശം ഒരു ഡസനോളം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ ഇയർ 2026 ന്റെ ഉദ്ഘാടനം മുംബൈയിൽ നരേന്ദ്രമോദിയും ഇമാനുവൽ മക്രോണും സംയുക്തമായി നിർവഹിക്കും. 2023 ലെ G20 സമ്മിറ്റ്, 2024 റിപ്പബ്ലിക് ഡേ ആഘോഷം, 2025 ലെ പാരിസിലെ കൂടിക്കാഴ്ച തുടങ്ങിയവയിൽ ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ ഇയർ 2026 സംബന്ധിച്ച ചർച്ചകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമാദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണും ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ ഇയർ 2026 സാംസ്കാരിക അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും. ഇരു രാജ്യത്തെയും വ്യവസായികളും ശാസ്ത്രജ്ഞരും സ്റ്റാർട്ട് അപ് പ്രതിനിധികളും പരിപാടിയുടെ ഭാ​ഗമാകും.

പ്രാദേശിക- ആ​ഗോള വിഷയങ്ങൾ നരേന്ദ്രമോദിയും ഇമാനുവൽ മക്രോണും ചർച്ച ചെയ്യും. ​ഗാസ – ഇസ്രായേൽ പ്രശ്നം, റഷ്യ – ഉക്രൈൻ വിഷയം, 2024 ൽ അംഗീകരിച്ച പ്രതിരോധ വ്യാവസായിക പദ്ധതി പ്രകാരം വ്യോമ, സമുദ്ര മേഖലകളിലെ സഹകരണം തുടങ്ങിയവ ചർച്ചയാകും. എമേർജിങ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി)തുടങ്ങിയവയിൽ ഫ്രാൻസുമായി ഇന്ത്യയുടെ സഹകരണം ശക്തമാകുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.

മുംബൈയിലെ ഒദ്യോ​ഗിക പരിപാടികൾക്ക് ശേഷം എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി ഇമാനുവൽ മക്രോൺ ഡൽഹിയിലേക്ക് തിരിക്കും. ഗ്ലോബൽ സൗത്തിൽ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ആഗോള AI ഉച്ചകോടിയാണ് എഐ ഇംപാക്ട് സമ്മിറ്റ് 2026. ഭാരത് മണ്ഡപത്തിലാണ് പരിപാടി നടക്കുക. ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇമാനുവൽ മക്രോണും സംയുക്തമായി തന്നെയായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്. 114 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ഇമാനുവൽ മക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ഘടകമാണ്.

Related Posts