Homepage Featured Kerala News

ആലിൻ്റെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; അവയവ ശസ്ത്രക്രിയയ്ക്കായുള്ള ​ഗവൺമെന്റ് മെഡിക്കൽ കേന്ദ്രം ആലിൻ്റെ പേരിലെന്ന് പ്രഖ്യാപനം

കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച ആലിൻ ഷെറിൻ അബ്രഹാമിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. അവയവ ദാനത്തിലൂടെ കേരളത്തിന് സന്ദേശം നൽകിയ മാതാപിതാക്കളെയും കുടുംബത്തെയും ആലിന്റെ വിയോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ചു. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവ ശസ്ത്രക്രിയയ്ക്കായുള്ള ​ഗവൺമെന്റ് മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിയോ​ഗത്തിന്റെ ദു:ഖത്തിലും മറ്റുനാലുപേർക്ക് അവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന്റെ ത്യാ​ഗത്തെ സ്മരിക്കുന്നതാകും മെഡിക്കൽ കേന്ദ്രത്തിന്റെ പേര്.

ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. വീട്ടിലെത്തി കുടുംബങ്ങളെ കാണുന്ന വീഡിയോ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റുന്ന 283 കോടി രൂപയുടെ വികസന പദ്ധതികൾ കഴിഞ്ഞദിവസം നാടിന് സമർപ്പിച്ചു. കിഫ്ബി സഹായത്തോടെ നിർമ്മിച്ച അത്യാധുനിക സർജിക്കൽ ബ്ലോക്ക്, രണ്ടാമത്തെ കാത്ത്‌ലാബ്, സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിൻ ബാങ്ക് തുടങ്ങി സാധാരണക്കാരായ ജനങ്ങൾക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കുന്ന വിപുലമായ സൗകര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തത്.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 1,200 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷനിലൂടെ നമ്മുടെ പൊതുജനാരോഗ്യ മേഖലയിലുണ്ടായ സമാനതകളില്ലാത്ത മുന്നേറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ നേട്ടങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://fb.watch/FjyR0cZy2z

Related Posts