Homepage Featured Kerala News

സൂരജ്‌ ലാമയുടെ മരണം; റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: ബാം​ഗ്ലൂർ സ്വദേശി സൂരജ്‌ ലാമ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.

സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട് സൂരജ്‌ ലാമയുടെ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതി പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

2025 ഒക്ടോബർ 5 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സൂരജ് ലാമയെ കാണാതായതോടെ മകൻ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. എന്നാൽ നവംബർ 30ന് സൂരജ് ലാമയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ടാണ് സൂരജ് ലാമ എന്നയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ബാം​ഗ്ലൂരിലേക്ക് കയറ്റി അയക്കേണ്ടതിന് പകരം കേരളത്തിലേക്ക് കയറ്റിവിടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു സൂരജ് ലാമ. വിമാനത്താവളത്തിലെത്തിയ ഇയാളെ തൃക്കാക്കര പൊലീസ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇവിടെ നിന്ന് കാണാതാകുകയായിരുന്നു.

Related Posts