മലയാളികളുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. എന്നാൽ ആരോഗ്യത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ചോദ്യമാണ് ഏതുതരം അരിയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത്. പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ബ്രൗൺ റൈസ് (മട്ടയരി), വൈറ്റ് റൈസ് (വെള്ള അരി) എന്നിവയെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കാറുണ്ട്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ സഹായിക്കുക എന്നും നോക്കാം.
അരിയുടെ തവിട് നീക്കം ചെയ്യാത്തതാണ് ബ്രൗൺ റൈസ്. അതിനാൽ തന്നെ ഇതിൽ നാരുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നേരെമറിച്ച്, വെള്ള അരി പോളിഷ് ചെയ്യുന്ന പ്രക്രിയയിലൂടെ കടന്നുപോകുന്നതിനാൽ അതിലെ തവിടും പോഷകാംശങ്ങളും നഷ്ടപ്പെടുന്നു.
ബ്രൗൺ റൈസിന്റെ ഗുണങ്ങൾ
100 ഗ്രാം ബ്രൗൺ റൈസിൽ ഏകദേശം 3.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും വയർ നിറഞ്ഞ സംതൃപ്തി നൽകാനും സഹായിക്കുന്നു. ഇതിന്റെ ജി.ഐ മൂല്യം 50-55 ആണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല. മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി കോംപ്ലക്സ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്രൗൺ റൈസിൽ ധാരാളമുണ്ട്.
വൈറ്റ് റൈസിന്റെ പ്രത്യേകതകൾ
വെളുത്ത അരി ദഹിക്കാൻ വളരെ എളുപ്പമാണ്. വയറിന് അസ്വസ്ഥതയുള്ളവർക്ക് ഇത് ഗുണകരമാണ്. ഇതിന്റെ ജി.ഐ മൂല്യം 70-75 ആണ്. ഇത് പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്താൻ കാരണമാകും. പോളിഷ് ചെയ്യുന്നതുകൊണ്ട് ഇതിൽ ഫൈബർ 0.6 ഗ്രാം മാത്രമാണുള്ളത്.
വണ്ണം കുറയ്ക്കാൻ ഏതാണ് ഉചിതം?
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രൗൺ റൈസ് ആണ് കൂടുതൽ അനുയോജ്യം. ഇതിലെ ഉയർന്ന ഫൈബർ സാന്നിധ്യം വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ പോഷകങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ വൈറ്റ് റൈസ് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. വെള്ള അരി കഴിക്കുമ്പോൾ അതിന്റെ അളവ് നിയന്ത്രിക്കുകയും കൂടെ ധാരാളം പച്ചക്കറികളോ നാരുകൾ അടങ്ങിയ മറ്റ് ഭക്ഷണങ്ങളോ ഉൾപ്പെടുത്തുകയും ചെയ്താൽ വണ്ണം കൂടാതെ നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതുതരം അരിയാണെങ്കിലും അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ കാരണമാകും. ചിലർക്ക് ബ്രൗൺ റൈസ് ദഹിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവർ വൈറ്റ് റൈസ് കഴിക്കുന്നതാണ് ഉചിതം. അരി ആഹാരത്തോടൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
പോഷകഗുണത്തിലും ശരീര ഭാരം കുറയ്ക്കാനുള്ള കഴിവിനും ബ്രൗൺ റൈസിനാണ് മുൻതൂക്കം. എങ്കിലും നിങ്ങളുടെ ആരോഗ്യസ്ഥിതിക്കും താൽപ്പര്യത്തിനും അനുസരിച്ച് മിതമായ അളവിൽ ഇവ തിരഞ്ഞെടുക്കാവുന്നതാണ്.
















