റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പെടെ ഉള്ള സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്കുള്ള നിയമം മാറുന്നു. ജോലി നിർത്തിയാൽ വീട്ടുജോലി ചെയ്യുന്ന തൊഴിലാളികൾ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാറുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ‘മുസാനിദ്’ പ്ലാറ്റ്ഫോമിൽ ഇതിനായി പരിഷ്കരണം വരുത്തിയിട്ടുണ്ട്.
സൗദി വിടാതെ പുതിയ സ്പോൺസറിലേക്ക് മാറാൻ സൗദിയിലെത്തി രണ്ട് വർഷം തികയാത്ത ഗാർഹിക തൊഴിലാളികൾക്ക് ഇനി മുതൽ അവകാശമുണ്ടാകില്ല. വീട്ടുജോലി ചെയ്യുന്ന തൊഴിലാളികൾ ജോലി നിർത്തിയാൽ ഉടനെ ‘മുസാനിദ്’ വഴി കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് നിർദേശമുണ്ട്. സൗദിയിലെത്തി രണ്ട് വർഷം തികയാത്തവരാണ് തൊഴിലാളികളെങ്കിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് തൊഴിലുടമയുടെ അറിയിപ്പ് കിട്ടിയാൽ 60 ദിവസത്തിനുള്ളിൽ ഇയാൾ സൗദി വിടണം. അതേസമയം രണ്ടു വർഷത്തിലേറെയായി സൗദിയിൽ തുടരുന്നവരാണെങ്കിൽ രാജ്യം വിടാതെ തന്നെ മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തി ജോലി ചെയ്യാൻ അനുവാദമുണ്ടാകും.
















