ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 61 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 നു അവസാനിച്ചു.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ഇത്തവണ വാക്കേറ്റത്തിലേക്കൊന്നും പോയില്ലെങ്കിലും ചില നാടകീയ രംഗങ്ങള്‍ കളിക്കിടയില്‍ ഉണ്ടായി. അതില്‍ തന്നെ എടുത്തുപറയേണ്ടത് രണ്ട് നോട്ടങ്ങളാണ് ! ജസ്പ്രിത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് നേട്ടങ്ങള്‍ ആഘോഷിച്ച രീതിയാണ് ശ്രദ്ധേയം.
ഇന്ത്യക്കായി ആദ്യ ഓവര്‍ എറിഞ്ഞത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഒന്നാം ഓവറിലെ നാലാം പന്തില്‍ പാക് ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാനെ ഹാര്‍ദിക് മടക്കി. റിങ്കു സിങ്ങിനു ക്യാച്ച് നല്‍കിയാണ് ഫര്‍ഹാന്റെ മടക്കം. പൊതുവെ പന്ത് ഉയര്‍ന്നുപൊങ്ങിയാല്‍ ബൗളര്‍മാര്‍ ഫീല്‍ഡിലേക്ക് നോക്കും. ക്യാച്ച് കൃത്യമായി എടുക്കുമോ എന്നറിയാനാണ് ഈ നോട്ടം. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഫര്‍ഹാന്‍ അടിച്ച പന്ത് എയറിലേക്ക് ഉയര്‍ന്നതോടെ തുറിച്ചുനോക്കിയത് ഫര്‍ഹാനെ തന്നെയാണ് ! റിങ്കു ആ ക്യാച്ച് എടുത്തോയെന്നു പോലും ഹാര്‍ദിക് ശ്രദ്ധിച്ചില്ല. അങ്ങനെ ഹാര്‍ദിക്കിന്റെ നോ ലുക്ക് വിക്കറ്റ് സെലിബ്രേഷന്‍ ആരാധകരുടെ മനംകവര്‍ന്നു.
തൊട്ടടുത്ത ഓവറില്‍ ജസ്പ്രിത് ബുംറ സായിം അയൂബിനെ മടക്കി. ബുംറയുടെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയ ശേഷം അയൂബ് ഇന്ത്യന്‍ താരത്തെ തുറിപ്പിച്ചുനോക്കി. രണ്ടാമത്തെ പന്തില്‍ എല്‍ബിഡബ്‌ള്യുവിനു മുന്നില്‍ കുരുക്കിയാണ് ബുംറ അയൂബിനെ യാത്രയാക്കിയത്. അപ്പീലിനു പിന്നാലെ അംപയര്‍ വിക്കറ്റ് അനുവദിച്ചു കൈ ഉയര്‍ത്തിയതും ബുംറ അയൂബിനെ തുറിപ്പിച്ചുനോക്കി. അതൊരു മധുരപ്രതികാരം കൂടിയായിരുന്നു.
ടോസിങ്ങിനു ശേഷം ഇരു ടീമിന്റെയും നായകന്‍മാര്‍ കൈ കൊടുക്കാത്തതും വിവാദമായി. ടോസ് കഴിഞ്ഞ ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗയ്ക്കു ഹസ്തദാനം നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എട്ടാം വിജയമാണിത്. പാക്കിസ്ഥാന്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്കെതിരെ വിജയിച്ചിട്ടുള്ളത്.
















