Homepage Featured India Kerala News

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം; 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതിയുടെ തന്നെ 2018ലെ വിധിക്കെതിരായ ഹർജികൾ കോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക. വാദം കേൾക്കുന്നതിനായി ഒമ്പതംഗ ബെഞ്ചിനെ ഇന്ന് ചുമതലപ്പെടുത്തിയേക്കും.

ജനങ്ങളുടെയും വിശ്വാസികളുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടാകും സംസ്ഥാന സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകുകയെന്നാണ് സൂചന. അതേസമയം ജനാധിപത്യപരമായ അവകാശങ്ങൾ കൂടി പരി​ഗണിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ അഫിഡവിറ്റ് നൽകേണ്ട സാഹചര്യമില്ല. ഒമ്പതം​ഗ ബെഞ്ചിലേക്ക് വാദം മാറ്റിയ ശേഷമാകും സർക്കാരിന് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകേണ്ടിവരിക. ഇപ്പോൾ സർക്കാർ നിലപാട് അല്ല സുപ്രീംകോടതി വിധിയാണ് പുനഃപരിശോധിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.

അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീകളുടെ പ്രവേശനം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാ​ഗങ്ങളിലെ പെണ്‍കുട്ടികളുടെ ചേലാകർമം, തുടങ്ങിയ ഒരുഭാ​ഗത്ത് മതസ്വാതന്ത്ര്യവും മറുഭാ​ഗത്ത് ജനാധിപത്യ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികൾ സുപ്രീംകോടതിയുടെ പരി​ഗണനയിലുണ്ട്. ഇതും ഒമ്പതം​ഗ ബെഞ്ച് രൂപീകരിച്ച ശേഷമാകും പരി​ഗണിക്കുക.

Related Posts