Cricket Homepage Featured Sports

സഞ്ജുവിന്റെ ‘പകരക്കാരന്‍’ ഇപ്പോള്‍ മെയിന്‍; ഇന്ത്യയെ ജയിപ്പിച്ചത് ഇഷാന്റെ പ്ലാന്‍ ബി

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കു ജയം സമ്മാനിച്ചത് ഇഷാന്‍ കിഷന്റെ പ്ലാന്‍ ബി. വേഗംകുറഞ്ഞ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമെന്ന് മനസിലാക്കിയ ഇഷാന്‍ പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്തി. ഒരുപക്ഷേ ഇഷാന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ 150 ല്‍ കുറഞ്ഞേനെ.

തുടക്കത്തില്‍ തന്നെ സഹഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിട്ടും ഇഷാന്‍ പ്രതിരോധത്തിലേക്കു വീണില്ല. രണ്ടാം ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ പറത്തി പാക്കിസ്ഥാനെ ആക്രമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇഷാന്‍ സൂചന നല്‍കി. സ്പിന്നര്‍മാരെ കളിക്കാന്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പ്രയാസപ്പെട്ടപ്പോള്‍ ഇഷാന്‍ കൂളായി ക്രീസില്‍ നിലയുറപ്പിച്ചു.

ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ്, അതില്‍ 77 റണ്‍സും ഇഷാന്‍ കിഷന്‍ നേടിയത്. ഇന്ത്യ 150 ല്‍ താഴേക്ക് വീഴാതെ കാത്തത് ഈ ഇന്നിങ്സാണ്. 40 പന്തില്‍ 10 ഫോറും മൂന്ന് സിക്സും സഹിതം 192.50 സ്ട്രൈക് റേറ്റിലാണ് ഇഷാന്‍ കളിച്ചത്. പിച്ചിന്റെ വേഗക്കുറവ് കൃത്യമായി റീഡ് ചെയ്തുകൊണ്ട് ബാക്ക് ഫൂട്ടില്‍ നിലയുറപ്പിച്ചാണ് ഇഷാന്റെ ക്ലാസി ഇന്നിങ്സ്.

പകരക്കാരനില്‍ നിന്ന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ് ഇഷാന്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇഷാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ്. വണ്‍ഡൗണ്‍ ആയി ഇറങ്ങി നാല് കളികളില്‍ നിന്ന് 215 റണ്‍സ് അടിച്ചുകൂട്ടി റണ്‍വേട്ടയില്‍ രണ്ടാമനായി. ഇതോടെയാണ് ലോകകപ്പ് പ്ലേയിങ് ഇലവനില്‍ പ്രധാന ഓപ്പണര്‍ എന്ന നിലയിലേക്ക് ഇഷാന്‍ എത്തിയത്. നേരത്തെ സഞ്ജുവിനായി ഒഴിച്ചിട്ട സ്ഥാനമായിരുന്നു ഇത്. ന്യൂസിലന്‍ഡിനെതിരെ സഞ്ജു നിറംമങ്ങിയതാണ് ഇഷാനു ഐശ്വര്യമായത്. ലോകകപ്പില്‍ ഇതുവരെ മൂന്ന് കളികളില്‍ നിന്ന് 197.50 സ്ട്രൈക് റേറ്റില്‍ 158 റണ്‍സാണ് ഇഷാന്‍ നേടിയിരിക്കുന്നത്. റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് പേരില്‍ ഒരാള്‍ക്കു പോലും 190 സ്ട്രൈക് റേറ്റ് ഇല്ല.

രാജ്യാന്തര ടീമില്‍ നിന്ന് ഏതാണ്ട് രണ്ട് വര്‍ഷം മാറിനിന്ന ശേഷമാണ് ഇഷാന്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നീല ജേഴ്‌സി അണിഞ്ഞത്. അനുസരണക്കുറവ് ആരോപിച്ചാണ് ബിസിസിഐ യുവതാരത്തിനെതിരെ നടപടിയെടുത്തത്. താന്‍ മാനസികമായി ഏറെ തളര്‍ന്നുപോയെന്നും ആരും തന്നെ കേള്‍ക്കാന്‍ ഇല്ലായിരുന്നെന്നും ഇഷാന്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വീണുപോയ ഇടത്തുനിന്നാണ് സകലതും വെട്ടിപിടിച്ചുള്ള ഇഷാന്റെ റീ എന്‍ട്രി !

Related Posts