തിരുവനന്തപുരം:കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യർ. ഐക്യകേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമായി കേരളത്തെ മാറ്റിത്തീർക്കുന്നതിനാവശ്യമായ വികസന നയരേഖ രൂപീകരിക്കുന്നതിനായുള്ള ‘വിഷൻ 2031’ രാജ്യാന്തര കോൺഫറൻസിൽ ആണ് മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ മുന്നോട്ടുപോയ സംസ്ഥാനമാണ് കേരളമെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് സിപിഐഎമ്മിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. സമ്മേളനം ബഹിഷ്കരിച്ച കോൺഗ്രസ് പാർട്ടിയിലെ സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസ് കൈവിട്ട ദൗത്യം ഇടത് സർക്കാർ ഏറ്റെടുക്കണമെന്നും വിഷൻ 2031 പരിപാടിയിൽ അഭ്യർത്ഥിച്ചു.
വിവിധ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വികസനത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മണിശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തെത്തി. മണിശങ്കര്‍ അയ്യര്‍ക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്ന് കോൺഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു. മണിശങ്കര്‍ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായങ്ങളെന്ന് പവന് ഖേര വിശദീകരിച്ചു. മണിശങ്കർ അയ്യരെ വിമർശിച്ച് കേരളത്തിലെയും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവുകളിൽ തല്ലുവാങ്ങുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ പോരാട്ടങ്ങളെ മണിശങ്കർ അയ്യർ വിലകുറച്ച് കാണുകയാണെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു. മോദി സർക്കാരിനെ താഴെയിറക്കാൻ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത ഒരാൾ, കേരളത്തിലെ പിണറായി സർക്കാരിനെ പുകഴ്ത്താൻ ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. “ജയിൽവാസവും ക്രൂരമായ മർദ്ദനങ്ങളും ഏറ്റുവാങ്ങുന്ന സാധാരണ പ്രവർത്തകരുടെ പോരാട്ടങ്ങൾ തെറ്റാണെന്നാണോ അയ്യർ പറയുന്നത്?” – ജിന്റോ ചോദിക്കുന്നു.
പിണറായി വിജയന്റെ ഭരണത്തെ ഗാന്ധിജിയുടെ സ്വപ്നങ്ങളുമായി താരതമ്യപ്പെടുത്തിയതിനേയും രൂക്ഷമായി വിമർശിക്കുകയാണ് ജിന്റോ. ഫാസിസ്റ്റ് രീതിയാണ് കേരളത്തിൽ നടക്കുന്നത്. ശബരിമല മുതൽ സാധാരണക്കാരെ വരെ കൊള്ളയടിക്കുന്ന ഈ സർക്കാരിനെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പ്രത്യയശാസ്ത്രപരമായ ദ്രോഹമാണെന്ന് പോസ്റ്റിൽ ജിന്റോ ജോൺ പറയുന്നു. മണിശങ്കർ അയ്യർക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നും, അദ്ദേഹത്തിന് ‘സ്ഥലകാല വിഭ്രമം’ ബാധിച്ചിരിക്കുകയാണെന്നും പറഞ്ഞ ജിന്റോ ജോൺ “അയ്യർക്ക് ഇനി വിശ്രമമാകാം, നെല്ലിക്കാത്തളം വെക്കുന്നത് നന്നായിരിക്കും” എന്ന് വരെ പോസ്റ്റിൽ മണിശങ്കർ അയ്യരെ കടന്നാക്രമിക്കുന്നുമുണ്ട്.
















