റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ ജയിലിനുള്ളിൽ വെച്ചുണ്ടായ ദുരൂഹ മരണത്തിന് കാരണമായത് തവളയിൽ നിന്നുള്ള വിഷം ആണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണ് അലക്സി നവാൽനിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരണത്തിന് കാരണം കണ്ടെത്തിയത്. തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന ‘പോയിസൺ ഡാർട്ട് ഫ്രോഗ്’ (Poison Dart Frog) എന്ന ഒരിനം തവളകളുടെ തൊലിയിൽ കാണപ്പെടുന്ന എപ്പിബാറ്റിഡിൻ (Epibatidine) എന്ന ന്യൂറോടോക്സിൻ ആണ് മരണകാരണമെന്നാണ് ഇവർ കണ്ടെത്തിയത്.
മനുഷ്യന്റെ നാഡീവ്യവസ്ഥയെ തളർത്തുന്ന വേദനസംഹാരിയായ മോർഫിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതാണ് എപ്പിബാറ്റിഡിൻ (Epibatidine) എന്ന ഈ വിഷം. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ ശ്വസനപേശികൾ നിശ്ചലമാക്കുകയും തുടർന്ന് ശ്വാസം മുട്ടി മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. നവാൽനിയുടെ മരണത്തിൽ പങ്കില്ലെന്നാണ് റഷ്യ പറയുന്നത്. എന്നാൽ റഷ്യയുടെ തടവിൽ ആർട്ടിക്കിലെ അതിസുരക്ഷാ ജയിലിൽ കഴിയവേ 2024 ഫെബ്രുവരിലായിരുന്നു അലക്സി നവാൽനിയുടെ അന്ത്യം. തടവിലായതിനാൽ നവാൽനിക്ക് വിഷം നൽകാനുള്ള എല്ലാ സൗകര്യവും റഷ്യയ്ക്ക് ഉണ്ടായിരുന്നെന്നും അതിനാൽ അന്താരാഷ്ട്ര രാസ-ജൈവായുധ നിയമങ്ങൽ ലംഘിച്ചതിന് റഷ്യയെ ഉത്തരവാദിയാക്കണമെന്നും അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
















