ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. പിന്നീട് പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനും കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചീഫ് ഇലക്ഷൻ കമ്മീഷണർ എഎംഎം നാസിർ ഉദ്ദീൻ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
ഒരാൾ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്നതടക്കമുള്ള സുപ്രധാന നിയമ ഭേദഗതികളിൽ ഹിതപരിശോധന നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഹിതപരിശോധനയും നടന്നത്. ജനങ്ങൾ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമഭേദഗതി അംഗീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിൽ തുടരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു. പുതിയ ബംഗ്ലാദേശിന്‍റെ പിറവി സംഭവിച്ചിരിക്കുന്നു എന്ന് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസ് പ്രതികരിച്ചു.
















