ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും.
വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും. അഭിഷേക് കളിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പാക് നായകന്‍ സല്‍മാന്‍ അഗ പറഞ്ഞിരുന്നു. ‘ പാക്കിസ്ഥാനു അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഉറപ്പായും അഭിഷേകിനെ കളിപ്പിക്കാം,’ എന്നാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കു മറുപടി നല്‍കിയത്.
അഭിഷേക് ശര്‍മ തിരിച്ചെത്തുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ബെഞ്ചിലേക്ക് തഴയപ്പെടും. നമീബിയയ്‌ക്കെതിരെ സഞ്ജു കളിച്ചിരുന്നു.
ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്
ട്വന്റി 20 ഫോര്‍മാറ്റില്‍ 16 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ 13 തവണയും ജയിച്ചത് ഇന്ത്യ. ടി20 ലോകകപ്പില്‍ എട്ട് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നു. ഏഴ് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പം.
ഐസിസി റാങ്കിങ്ങില്‍ ടി20 ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാന്റെ സ്ഥാനം നാലാമതാണ്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളില്‍ എട്ടിലും ജയം ഇന്ത്യക്കൊപ്പം. 2022 ഏഷ്യ കപ്പിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ അവസാനമായി തോല്‍പ്പിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യക്കുമേല്‍ ഒരു ജയം പോലും നേടാന്‍ പാക്കിസ്ഥാനു സാധിച്ചിട്ടില്ല.
















