തൃശൂരിലെ ചുവപ്പ് ഭൂമിയെന്നാണ് ചേലക്കര നിയോജകമണ്ഡലം അറിയപ്പെടുന്നത്. 1996 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം. ഇത്തവണയും സ്ഥിതി മറ്റൊന്നാകില്ലെന്നാണ് മണ്ഡലത്തിലെ സിപിഎമ്മിനുള്ള സ്വാധീനം വ്യക്തമാക്കുന്നത്.
കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതിന്റെ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ആര്‍.പ്രദീപ് ജയിച്ചത് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2021 ല്‍ കെ.രാധാകൃഷ്ണനു 39,400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. കെ.രാധാകൃഷ്ണന്‍ മത്സരിക്കുമ്പോഴെല്ലാം വമ്പന്‍ ഭൂരിപക്ഷമാണ് ചേലക്കരയില്‍ എല്‍ഡിഎഫിനു ലഭിച്ചിരുന്നത്.
ഉപതിരഞ്ഞെടുപ്പിനു ശേഷം എംഎല്‍എയായ യു.ആര്‍.പ്രദീപ് ഇത്തവണ ചേലക്കരയില്‍ ജനവിധി തേടും. 2016 ല്‍ പ്രദീപ് ജയിച്ചത് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഉപതിരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ ഭൂരിപക്ഷമുയര്‍ത്താന്‍ പ്രദീപിനു സാധിച്ചിട്ടുണ്ട്. ഇത്തവണ അതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടത് മുന്നണി കണക്കുകൂട്ടുന്നത്.
അതേസമയം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യ ഹരിദാസ് ചേലക്കരയില്‍ വീണ്ടും പരീക്ഷണത്തിനു ഇറങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രമ്യ തന്നെ മത്സരിക്കട്ടെ എന്ന് സംസ്ഥാന നേതൃത്വത്തിനു അഭിപ്രായമുണ്ട്. എന്നാല്‍ ചേലക്കരയിലെ കോണ്‍ഗ്രസ് നേതൃത്വം രമ്യയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ജില്ലയില്‍ നിന്നുള്ള ഏതെങ്കിലും യുവനേതാവിനു അവസരം നല്‍കും. ബിജെപി സ്ഥാനാര്‍ഥിയായി കെ.ബാലകൃഷ്ണന്‍ മത്സരിക്കും.
2021 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
കെ.രാധാകൃഷ്ണന്‍ – 83,415 വോട്ടുകള്‍ (എല്‍ഡിഎഫ്)
സി.സി.ശ്രീകുമാര്‍ – 44,015 വോട്ടുകള്‍ (യുഡിഎഫ്)
ഷാജുമോന്‍ വട്ടേക്കാട് – 24,045 വോട്ടുകള്‍ (ബിജെപി)
2024 ഉപതിരഞ്ഞെടുപ്പ് ഫലം
യു.ആര്‍.പ്രദീപ് – 64,827 വോട്ടുകള്‍ (എല്‍ഡിഎഫ്)
രമ്യ ഹരിദാസ് – 52,626 വോട്ടുകള്‍ (യുഡിഎഫ്)
കെ.ബാലകൃഷ്ണന്‍ – 33,609 വോട്ടുകള്‍ (ബിജെപി)
















