തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവരും. ബെന്നി ബഹ്നാനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് സണ്ണി ജോസഫിനെ വീണ്ടും പേരാവൂരിൽ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് ശേഷം സ്ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് നിയമസഭയിലെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകും.
സിറ്റിങ് എംഎൽഎമാരെ പരമാവധി നിലനിർത്തിയാകും കോൺഗ്രസിന്റെ പട്ടിക പുറത്തുവരിക. ഫെബ്രുവരി 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക. അതേസമയം മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആയിരിക്കും യുഡിഎഫ് പ്രചാരണസമിതിയുടെ ചെയർമാൻ. ശശി തരൂരിനേയും തെരഞ്ഞെടുപ്പ് അടുത്തതോടെ ഒപ്പം നിർത്തിയിരിക്കുകയാണ് ഹൈക്കമാൻഡ്.
പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ ആയി പരിഗണിച്ചിരിക്കുന്നത് ശശി തരൂരിനെയാണ്. ഷാഫി പറമ്പിൽ എംപിയാണ് പ്രചാരണ സമിതി കൺവീനർ. ഇവരടക്കം പത്ത് അംഗങ്ങളാണ് പ്രചാരണസമിതിയിലുള്ളത്. ബെന്നി ബഹ്‌നാൻ എംപി പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് പ്രകടനപത്രിക സമിതി സഹഅധ്യക്ഷൻ.
















