Homepage Featured Kerala News

കേരളത്തിലെ യുഡിഎഫ് പ്രചാരണം ചെന്നിത്തല നയിക്കും; തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺ​ഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോ​ഗ്യനെന്ന് ഒരുവിഭാ​ഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാ​ഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ നടന്ന എസ്എൻഡിപി-എൻഎസ്എസ് സഖ്യ ചർച്ചകൾക്കിടെ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രം​ഗത്തെത്തി. തുടർന്ന് ജി സുകുമാരൻ നായരും സതീശനെതിരെ പ്രതികരിച്ചു. സുകുമാരൻ നായർ ഒരു പടി കൂടി കടന്ന് രമേശ് ചെന്നിത്തലയെ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ കേരളത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആര് നയിക്കണം എന്ന ഹൈക്കമാൻഡിന്റെ ഔദ്യോ​ഗിക നിലപാട് പുറത്തുവന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്കാണ് നറുക്കുവീണിരിക്കുന്നത്.

യുഡിഎഫ് പ്രചാരണസമിതിയുടെ ചെയർമാൻ ആയിരിക്കും മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ അനുഭവസമ്പത്തും പക്വതയും തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഏറെക്കാലം സിപിഐഎമ്മിന്റെ കേരളത്തിലെ വികസനത്തെ പുകഴ്ത്തിയെന്നതിനാൽ പേരുദോഷം കേട്ട ശശി തരൂരിനേയും തെരഞ്ഞെടുപ്പ് അടുത്തതോടെ ഒപ്പം നിർത്തിയിരിക്കുകയാണ് ഹൈക്കമാൻഡ്. രാഹുൽ​ഗാന്ധി നേരിട്ട് ശശി തരൂരുമായി ചർച്ച നടത്തിയിരുന്നു. ഇപ്പോൾ പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ ആയി പരി​ഗണിച്ചിരിക്കുന്നത് ശശി തരൂരിനെയാണ്. ഷാഫി പറമ്പിൽ എംപിയാണ് പ്രചാരണ സമിതി കൺവീനർ. ഇവരടക്കം പത്ത് അം​ഗങ്ങളാണ് പ്രചാരണസമിതിയിലുള്ളത്. ബെന്നി ബഹ്‌നാൻ എംപി പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് പ്രകടനപത്രിക സമിതി സഹഅധ്യക്ഷൻ.

Related Posts