Lead News Opinion

മണ്ഡലങ്ങളിലൂടെ…പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ്; പക്ഷേ മണലൂരിന്റെ കണക്കുകള്‍ ഇടതുറച്ച് ?

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിനു അടിയുറച്ച മണ്ണായിരുന്നു. എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ, എം.കെ.പോള്‍സണ്‍ മാസ്റ്റര്‍ എന്നിങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രഗത്ഭരായ നേതാക്കള്‍ ജയിച്ചുകയറിയ മണ്ണ്. എന്നാല്‍ 2006 മുതല്‍ മണലൂരിന്റെ ചിത്രം മാറി.

ഇപ്പോള്‍ ഇടതുപക്ഷം തങ്ങളുടെ ഉറച്ച സീറ്റുകളിലൊന്നായാണ് മണലൂരിനെ കാണുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പോലും ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. 2006 ലാണ് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം മുരളി പെരുനെല്ലിയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2006 മുതല്‍ 2011 വരെയുള്ള കാലത്ത് മണലൂരില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. അങ്ങനെയാണ് മണ്ഡലം ഇടതുപക്ഷത്തിനു അനുകൂലമായി തീരുന്നത്.

2011 ല്‍ വെറും 481 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.എ.മാധവന്‍ കോണ്‍ഗ്രസിനായി മണ്ഡലം തിരിച്ചുപിടിച്ചത്. പിന്നീട് 2016 ലും 2021 ലും എല്‍ഡിഎഫ് മണലൂര്‍ നിലനിര്‍ത്തി. ഇത്തവണയും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മണ്ഡലത്തിലെ പള്‍സ്.

മണലൂര്‍ തിരിച്ചുപിടിക്കാന്‍ ടി.എന്‍.പ്രതാപനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പ്രതാപന്‍ നിന്നാല്‍ മാത്രമേ മണലൂരില്‍ നേട്ടമുണ്ടാകൂവെന്ന് കോണ്‍ഗ്രസ് കരുതുന്നു. പ്രതാപന്‍ കണ്ണുവയ്ക്കുന്ന സീറ്റും മണലൂര്‍ തന്നെയാണ്.

മറുവശത്ത് രണ്ട് ടേം പൂര്‍ത്തിയായ മുരളി പെരുനെല്ലി മാറിനില്‍ക്കും. മുന്‍ മന്ത്രി കൂടിയായ പ്രൊഫസര്‍ സി.രവീന്ദ്രനാഥ് മണലൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. മുന്‍പ് പുതുക്കാട് എംഎല്‍എയായിരുന്നു രവീന്ദ്രനാഥിനെ മണലൂരില്‍ ഇറക്കിയാല്‍ വിജയം സുനിശ്ചിതമെന്നാണ് സിപിഎം വിലയിരുത്തല്‍. ജനകീയനും ആളുകളുമായി അടുത്ത ബന്ധവും പുലര്‍ത്തുന്ന നേതാവാണ് രവീന്ദ്രനാഥ്. ബിജെപിക്കായി ആര് മത്സരിക്കുമെന്നതില്‍ വ്യക്തതയില്ല.

2016 തിരഞ്ഞെടുപ്പ് ഫലം

മുരളി പെരുനെല്ലി (എല്‍ഡിഎഫ്) – 70,422 വോട്ടുകള്‍

ഒ.അബ്ദുറഹിമാന്‍ കുട്ടി (യുഡിഎഫ്) – 51,097 വോട്ടുകള്‍

എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) – 37,680 വോട്ടുകള്‍

2021 ലെ വോട്ട് നില

മുരളി പെരുനെല്ലി (എല്‍ഡിഎഫ്) – 78,337 വോട്ടുകള്‍

വിജയ് ഹരി (യുഡിഎഫ്) – 48,461 വോട്ടുകള്‍

എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) – 36,566 വോട്ടുകള്‍

Related Posts