Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….കല്‍പ്പറ്റ ബലാബലത്തിലേക്ക്; സിപിഎം ഏറ്റെടുക്കാനും സാധ്യത, യുഡിഎഫില്‍ സിദ്ദിഖ് തന്നെ

വയനാട്: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുമോ? നിലവില്‍ കോണ്‍ഗ്രസിന്റെ ടി.സിദ്ദിഖ് ആണ് കല്‍പ്പറ്റ എംഎല്‍എ. ഇത്തവണയും സിദ്ദിഖ് തന്നെയാണ് മത്സരിക്കുകയെന്ന് ഉറപ്പായി. 2021 ലെ പിണറായി തരംഗത്തിലും കല്‍പ്പറ്റയില്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സിദ്ദിഖ് ഒരിക്കല്‍ കൂടി ജനവിധി തേടുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍- കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്ക് മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാണ്. ടി.സിദ്ദിഖ് എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം കൊടുക്കാത്തത് അടക്കം വിമര്‍ശന വിഷയമാണ്. അപ്പോഴും കോണ്‍ഗ്രസിനെ കല്‍പ്പറ്റയിലെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന ആത്മവിശ്വാസം സിദ്ദിഖിനുണ്ട്.

മറുവശത്ത് എല്‍ഡിഎഫിനായി കഴിഞ്ഞ തവണ എല്‍ജെഡി ആണ് മത്സരിച്ചത്. എം.വി.ശ്രേയാംസ് കുമാര്‍ വലിയ പ്രതീക്ഷകളോടെ മത്സരിച്ചെങ്കിലും സിദ്ദിഖിനോടു 5,470 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.

1991 മുതല്‍ 2001 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് കൈവശം വെച്ച മണ്ഡലമാണ് കല്‍പ്പറ്റ. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച് എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റ എംഎല്‍എയായി. 2016 ല്‍ ചരിത്രത്തില്‍ ആദ്യമായി സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ ജില്ലയിലെ പ്രമുഖ നേതാവ് സി.കെ.ശശീന്ദ്രനിലൂടെ കല്‍പ്പറ്റ എല്‍ഡിഎഫ് ചുവപ്പിച്ചു. 2021 ല്‍ സിദ്ദിഖിലൂടെ വീണ്ടും കോണ്‍ഗ്രസിലേക്ക്.

എല്‍ജെഡിക്ക് തന്നെയാകും എല്‍ഡിഎഫ് ഇത്തവണയും കല്‍പ്പറ്റ നല്‍കുക. പക്ഷേ ശ്രേയാംസ് കുമാര്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്നാണ് ശ്രേയാംസ് കുമാര്‍ പരസ്യ നിലപാടെടുത്തിട്ടുണ്ട്. അതേസമയം എല്‍ജെഡിക്കു മറ്റൊരു സീറ്റ് നല്‍കി സിപിഎം കല്‍പ്പറ്റ ഏറ്റെടുക്കാനും സാധ്യതയുണ്ട്. സി.കെ.ശശീന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

ജില്ലയിൽ ആകെയുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ സംവരണത്തിൽ ഉൾപ്പെടാത്ത ഒരേയൊരു മണ്ഡലം ആണ് കൽപ്പറ്റ. അതുകൊണ്ട് തന്നെ കൽപ്പറ്റയിലെ സ്ഥാനാർത്ഥിത്വം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്.

2021 ലെ തിരഞ്ഞെടുപ്പ് ഫലം

ടി സിദ്ദിഖ് (യുഡിഎഫ്) – 70,252 വോട്ടുകള്‍

എം.വി.ശ്രേയാംസ് കുമാര്‍ (എല്‍ഡിഎഫ്) – 64,782 വോട്ടുകള്‍

സുബീഷ് ടി.എം (ബിജെപി) – 14,113 വോട്ടുകള്‍

Related Posts