പാലക്കാട് ജില്ലയില്‍ യുഡിഎഫിനു ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് നഗരം സ്ഥിതി ചെയ്യുന്ന പാലക്കാട് നിയമസഭാ സീറ്റ്. ബിജെപിയും വലിയ പ്രതീക്ഷകളോടെ നോക്കുന്ന മണ്ണ്. ജില്ലയില്‍ മറ്റെല്ലായിടത്തും വന്‍ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫിനു പാലക്കാട് നിയമസഭാ സീറ്റില്‍ അത്ര നല്ല ഫലമല്ല ലഭിക്കാറുള്ളത്.
ഇത്തവണയും പാലക്കാട് യുഡിഎഫ് ആയിരിക്കും വലിയ മുന്നേറ്റം നടത്തുകയെന്നാണ് വിലയിരുത്തല്‍. എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക പീഡനക്കേസില്‍ ജയില്‍വാസം അനുഭവിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതിനാല്‍ പുതിയ സ്ഥാനാര്‍ഥിയെ തേടുകയാണ് യുഡിഎഫ് ഇത്തവണ.
രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താണെങ്കിലും പാലക്കാട് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. രാഹുലിന്റെ താല്‍പര്യം കോണ്‍ഗ്രസ് ചോദിച്ചറിയും. രാഹുല്‍ ക്യാംപില്‍ നിന്നുള്ള ഏതെങ്കിലും യുവനേതാവിനെ പാലക്കാട് മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ സന്ദീപ് വാര്യര്‍ക്കാണ് നറുക്ക് വീഴുക. സന്ദീപിനെ മത്സരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ബിജെപി വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തില്‍ സി.കൃഷ്ണകുമാറോ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനോ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്. 2024 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആലോചിക്കുന്നത് 2021 ല്‍ മത്സരിച്ച സി.പി.പ്രമോദിനെയാണ്. മണ്ഡലം ഏതെങ്കിലും ഘടകകക്ഷികളുമായി വെച്ച് മാറുന്നതും ഇടതുമുന്നണിയുടെ ആലോചനയിലുണ്ട്.
2016 തിരഞ്ഞെടുപ്പ് ഫലം
ഷാഫി പറമ്പില്‍ (യുഡിഎഫ്) – 57,559 വോട്ടുകള്‍
ശോഭ സുരേന്ദ്രന്‍ (ബിജെപി) – 40,076 വോട്ടുകള്‍
എന്‍.എന്‍.കൃഷ്ണദാസ് (എല്‍ഡിഎഫ്) – 38,675 വോട്ടുകള്‍
2021 ലെ ഫലം
ഷാഫി പറമ്പില്‍ (യുഡിഎഫ്) – 54,079 വോട്ടുകള്‍
ഇ ശ്രീധരന്‍ (ബിജെപി) – 50,220 വോട്ടുകള്‍
സി.പി.പ്രമോദ് (എല്‍ഡിഎഫ്) – 36,443 വോട്ടുകള്‍
2024 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് ജയിച്ചത്.
















