ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഗോവർദ്ധന്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ശബരിമലയിലെ സ്വർണം വാങ്ങിയയത് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് നൽകിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ സ്വർണമാണ് എന്ന് അറിയില്ലായിരുന്നു എന്നുമാണ് ഗോവര്ധൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് ഗോവര്ധൻ തട്ടിപ്പിന് കൂട്ടുനിന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദ്വാരപാലകക്കേസില്‍ ഉൾപ്പെട്ട രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസിൽ ഉൾപ്പെടുന്ന ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ നാല് പേരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിച്ചത്. ഇതിൽ നിന്നാണ് മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതെന്നും എസ്ഐടി വ്യക്തമാക്കി. ഇതിനിടെ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര പുനര്‍ നിര്‍മാണ ക്രമക്കേടില്‍ ഒരുമാസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
















