ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാന്‍ കളിക്കാനുള്ള സാധ്യത തെളിയുന്നത്.
പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയാണ് ഇന്ത്യക്കെതിരെ കളിക്കരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ ഐസിസിയുടെ ഭാഗത്തുനിന്നുള്ള നിലപാട് അറിഞ്ഞ ശേഷം ഇന്ത്യയുമായി കളിക്കുന്നതാണ് പാക്കിസ്ഥാനു സാമ്പത്തികമായി മെച്ചമെന്ന തീരുമാനത്തിലേക്ക് നഖ്വി എത്തിയിട്ടുണ്ടെന്നാണ് വിവരം.
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നഖ്വി ഇന്നു ചര്‍ച്ച നടത്തിയേക്കും. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും അന്തിമ തീരുമാനം. ഫെബ്രുവരി 15 നാണ് ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ നടക്കേണ്ടത്. ശ്രീലങ്കയിലെ കൊളംബോയാണ് വേദി.
ഐസിസി വക്താക്കളുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യക്കൊപ്പം കളിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ മൂന്ന് ഡിമാന്‍ഡുകള്‍ മുന്നോട്ടുവെച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശിന്റെ നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, ഭാവിയില്‍ ഐസിസി ഇവന്റുകള്‍ക്കു ആതിഥേയത്വം വഹിക്കാന്‍ ബംഗ്ലാദേശിനു അവസരം നല്‍കുക എന്നിവയാണ് പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഐസിസി അംഗങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. മത്സരം ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാനെതിരെ കോടികള്‍ പിഴയായി ചുമത്തുമെന്നതാണ് ഐസിസിയുടെ താക്കീത്. കനത്ത സാമ്പത്തിക നഷ്ടം മുന്നില്‍കണ്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയുമായി കളിക്കാന്‍ തയ്യാറെടുക്കുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ക്കായി നിലവില്‍ ശ്രീലങ്കയിലുള്ള പാക് താരങ്ങളെ പിസിബി അന്തിമ തീരുമാനം അറിയിക്കും. ബഹിഷ്‌കരണത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മത്സരത്തിന്റെ ആതിഥേയരായ ശ്രീലങ്ക പാക്കിസ്ഥാന് കത്തെഴുതിയിരുന്നു. ടിക്കറ്റ് വില്‍പനയിലൂടെ വലിയ ലാഭം പ്രതീക്ഷിച്ചിരിക്കെ പാക്കിസ്ഥാന്‍ മത്സരത്തില്‍നിന്ന് പിന്‍മാറിയത് ശ്രീലങ്കയ്ക്കും ഞെട്ടലായിരുന്നു.
















