Homepage Featured Kerala News

വാഹനാപകടം; നടൻ മണിയൻ പിള്ള രാജുവിന് ജാമ്യം; നടന്റെ വോള്‍വോ കാര്‍ കണ്ടെത്തി; തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്.

എഫ്ഐആറിൽ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷം അപകടമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിനുശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അപകടം നടന്ന് 12 മണിക്കൂറിനുശേഷമാണ് മണിയൻപിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്.

ട്രിവാൻഡ്രം ക്ലബിൽ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിദേവ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

Related Posts