പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് വീണ്ടും സഹായം നൽകാൻ പ്രതിപക്ഷനേതാവ്. വിനോദിനിക്ക് വീട് വയ്ക്കാനുള്ള സ്ഥലം ഈ മാസം 17 ന് കൈമാറും. കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ ഏറ്റെടുത്തു നൽകുന്ന ഭൂമിയാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൈമാറുക.
കഴിഞ്ഞ ദിവസം വിനോദിനിക്ക് കൃത്രിമക്കൈയും പ്രതിപക്ഷനേതാവ് നൽകിയിരുന്നു. 2025 സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റായിരുന്നു കൈ ഒടിഞ്ഞത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു. കുട്ടിക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ ലഭിച്ചെങ്കിലും ഈ തുക കൊണ്ട് കൃത്രിമ കൈ വെയ്ക്കുന്നത് സാധ്യമായിരുന്നില്ല. തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടിയന്തിരമായി ഇടപെട്ട് കൃത്രിമക്കൈ നൽകുകയായിരുന്നു.
പാലക്കാട് പല്ലശ്ശന സ്വദേശിനിയാണ് വിനോദിനി. സ്ഥലമോ വീടോ സ്വന്തമായി ഇല്ലാത്ത വിനോദിനിയുടെ കുടുംബത്തിന് സ്ഥലവും വാങ്ങി നൽകുമെന്ന് വിഡി സതീശൻ നേരത്തേ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് കേരള സെൽഫ് ഗവൺമെൻറ് എംപ്ലോയീസ് ഓർഗനൈസേഷൻ ഭൂമി ഏറ്റെടുത്തു നൽകുന്നത്. വീട് നിർമിച്ച് നൽകാൻ തയ്യാറെന്ന് ഒരാൾ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
















