Cricket Lead News Sports

‘പുന്നാര കപ്പേ പോകല്ലേ’; കിരീടം നിലനിര്‍ത്തി ആര്‍സിബി, പോര് നയിച്ച് മന്ഥനയും വോളും

വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടര്‍ച്ചയായി രണ്ടാം കിരീടം. വഡോദര ബിസിഎ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടം നിലനിര്‍ത്തിയത്.

ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട ഫൈനലില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ രണ്ട് പന്തുകളും ആറ് വിക്കറ്റും ശേഷിക്കെ ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ സ്മൃതി മന്ഥനയും വണ്‍ഡൗണ്‍ ബാറ്ററും ഓസീസ് താരവുമായ ജോര്‍ജിയ വോളും ആര്‍സിബിയുടെ കൂറ്റന്‍ ചേസ് അനായാസമാക്കി. സ്മൃതി 41 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം 87 റണ്‍സ് നേടി. വോള്‍ 54 പന്തില്‍ 14 ഫോറുകളുടെ അകമ്പടിയോടെ 79 റണ്‍സെടുത്തു. രാധാ യാദവ് അഞ്ച് പന്തുകളില്‍ രണ്ട് ബൗണ്ടറികളോടെ 12 റണ്‍സെടുത്ത് കളി അവസാനിപ്പിച്ചു.

ക്യാപ്റ്റന്‍ ജെമിമ റോഡ്രിഗസിന്റെ അര്‍ധ സെഞ്ചുറിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ എട്ട് ഫോറുകളടക്കം ജെമിമ 57 റണ്‍സെടുത്തു. ലൗറ വോള്‍വാര്‍ഡറ്റ് 25 പന്തില്‍ 44 റണ്‍സെടുത്തു. ചിനല്ലെ ഹെന്‍ റി 15 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

എട്ട് കളികളില്‍ നിന്ന് 342 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം. സ്മൃതി മന്ഥന 290 റണ്‍സുമായി മൂന്നാമത്. ഒന്‍പത് കളികളില്‍ നിന്ന് 17 വിക്കറ്റുമായി ഗുജറാത്ത് ടൈറ്റന്‍സ് താരം സോഫി ഡെവിനെ ആണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്.

Related Posts