സിംഗപ്പൂർ: പാർപ്പിട മേഖലകളിൽ പ്രാവുകൾക്ക് നിരന്തരമായി തീറ്റ നൽകിയതിന് 71 -കാരിയായ ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷൺമുഖനാഥൻ ഷംല എന്ന സ്ത്രീയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 രൂപ) പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.
നാഷണൽ പാർക്ക്സ് ബോർഡ് പ്രാവുകളെ പിടികൂടാൻ നടത്തിയ നീക്കങ്ങൾ ഇവർ തടസ്സപ്പെടുത്തിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നിയമത്തോടുള്ള നിരന്തരമായ അവഗണന എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർക്ക് പിഴ വിധിച്ചിരിക്കുന്നത്. സിംഗപ്പൂരിലെ നിയമപ്രകാരം വന്യജീവികൾക്ക് അനുമതിയില്ലാതെ തീറ്റ നൽകുന്നവർക്ക് ഓരോ തവണയും 10,000 ഡോളർ വരെ പിഴ ശിക്ഷ ലഭിക്കാം.
ടോ പായോ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരിയായ ഷംല, ആറുമാസത്തിനിടെ ഒമ്പത് തവണ പ്രാവുകൾക്ക് തീറ്റ നൽകിയതായി കണ്ടെത്തി. ഇതിൽ നാല് കുറ്റപത്രങ്ങളിൽ ഇവർ കുറ്റസമ്മതം നടത്തി. ബാക്കി അഞ്ച് കേസുകൾ കൂടി പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. മുൻപും സമാനമായ കുറ്റത്തിന് ഇവർക്ക് 1,200 സിംഗപ്പൂർ ഡോളർ പിഴ ചുമത്തിയിരുന്നു. ഇനി ആവർത്തിക്കില്ലെന്ന് അന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും, ഒരുമാസത്തിനുള്ളിൽ തന്നെ ഇവർ വീണ്ടും പ്രാവുകൾക്ക് തീറ്റ നൽകി എന്നാണ് പറയുന്നത്.
2025 ജൂലൈ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവർ പ്രാവുകൾക്ക് തീറ്റ നൽകുന്നത് തുടർന്നു.എന്നാൽ, താൻ തൊഴിലില്ലാത്ത ഒരാളാണ് എന്നും ഇൻഷുറൻസ് പരിരക്ഷകൾ ഇല്ലെന്നും കാണിച്ച് പിഴത്തുക കുറയ്ക്കണമെന്ന് ഷംല കോടതിയിൽ അപേക്ഷിച്ചു. 1,000 മുതൽ 2,000 ഡോളർ വരെ പിഴ മതിയെന്നും ബാക്കി തുക കമ്മ്യൂണിറ്റി സർവീസ് വഴി വീട്ടാമെന്നും ഇവർ പറഞ്ഞു. എന്നാൽ, കോടതി ഉടൻ തന്നെ പിഴ അടയ്ക്കാൻ ഉത്തരവിട്ടു.
















