Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ 90 ദിവസത്തിലേറെയായി റിമാൻഡിൽ തുടരുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിലാണ് ഇന്ന് പോറ്റിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ദ്വാരപാലക ശില്പ കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ പോറ്റിക്ക് സ്വാഭാവിക ജാമ്യം സ്വാഭാവിക ലഭിച്ചിരുന്നു.

ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷയുമായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്. എസ്ഐടി ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കാനാണ് സാധ്യത. കട്ടിളപ്പാളി കേസില്‍ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരി​ഗണിക്കുന്നുണ്ട്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയാക്കിയതോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. മുരാരി ബാബുവിന് ശേഷം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ എസ് ശ്രീകുമാറിന് അറസ്റ്റിലായി 43-ാം ദിവസം ആയിരുന്നു ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ദ്വാരപാലക ശില്പ പാളികൾ കടത്തുമ്പോൾ ശ്രീകുമാർ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. പദവി ഏറ്റെടുത്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സ്വർണക്കടത്ത് നടന്നത്.

തന്ത്രി കണ്ഠരര് രാജീവര് ദ്വാരപാലകശില്പക്കേസിൽ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുന്നുണ്ട്. അതേസമയം കട്ടിളപ്പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരി​ഗണിക്കുന്നുണ്ട്. ഇതിനിടെ കണ്ഠരര് രാജീവരെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ഠരര് രാജീവരുടെ ആൻജിയോഗ്രാം പരിശോധന ഇന്ന് നടക്കും.

Related Posts