കുവൈറ്റ് സിറ്റി: റോഡുകളിൽ മരണപ്പാച്ചിൽ ഒഴിവാക്കാൻ വാഹന പരിശോധന കർശനമാക്കി കുവൈറ്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുക്കും. അമിതവേഗതയിൽ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ശിക്ഷകൾ കർശനമായി നടപ്പാക്കാനാണ് കുവൈറ്റിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. അപകടങ്ങൾ കുറയ്ക്കാനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
അമിത വേഗതയിൽ വാഹനമോടിച്ച് ട്രാഫിക് ക്യാമറകളിൽ കുടുങ്ങുന്നവർ 150 കുവൈറ്റ് ദിനാർ പിഴയൊടുക്കണം. എന്നാൽ കേസ് കോടതിയിൽ എത്തിയാൽ 1 മുതൽ 3 വർഷം വരെ തടവോ, 600 മുതൽ 1,000 ദിനാർ വരെ പിഴയോ ശിക്ഷ ലഭിക്കും. അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കാം. കുറ്റം ചെയ്തതായി തെളിഞ്ഞാൽ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആയിരിക്കും.
















